പനി പടരുന്നു; വിവിധ ജില്ലകളിൽ ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ പടർച്ചപ്പനിയും കുതിക്കുന്നു. പ്രതിദിനം 10,000 കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 14വരെയുള്ള കണക്ക് പ്രകാരം 18,486 പേർക്കാണ് പനി ബാധിച്ചത്. ഏഴ് ദിവസത്തിനിടെ മാത്രം ഡെങ്കിപ്പനി ബാധിച്ചവർ 335 ആണ്. മേയ് 28 ലെ കണക്കനുസരിച്ച് 2772 പേർക്കാണ് പനി. എന്നാൽ, ജൂൺ 13ന് ഇത് 10,060 ആണ്.
മൂന്നോ നാലോ ദിവസം നീളുന്ന പനിയും ക്ഷീണവുമാണ് പ്രധാന ലക്ഷണം. ചിലർക്ക് ചുമയും ശ്വാസം മുട്ടലിനും ഒപ്പമാണ് പനിക്കുന്നത്. നിരവധി പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നത്. വിവിധ ജില്ലകളിൽ ഡെങ്കിപ്പനിയും, എലിപ്പനിയും സ്ഥിരീകരിച്ചു.
മഴക്കാലമായതിനാല്‍ സാധാരണ വൈറല്‍ പനിയാണ് കൂടുതലുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ജലദോഷം, പനി, ചെവിവേദന, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയ പതിവ് ലക്ഷണങ്ങൾതന്നെയാണ് നിലവിൽ പടരുന്ന പനിക്കും. രോഗം മാറി പൂർണ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുക്കുന്നെന്നാണ് അനുഭവസ്ഥർ പറയുന്നത്.
കുട്ടികളിലും പനി വ്യാപകമാകുന്നുണ്ട്. പനിബാധിതരായ കുട്ടികളിൽനിന്ന് വീട്ടിലെ മറ്റുള്ളവരിലേക്ക് പകരുന്നതാണ് പ്രവണത. മഴക്കാലവും പനിച്ചൂടും മുന്നിൽ കണ്ട് ആശുപത്രികളിൽ ഈ മാസം രണ്ടു മുതൽ പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.
ഉന്നതലയോഗം ചേർന്നു:
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പിന്റെ നിർദേശം. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്താനും ഫീല്‍ഡ്തല ജാഗ്രത ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടൻ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാതല പ്രവര്‍ത്തനം സംസ്ഥാനതലത്തില്‍ വിലയിരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
ആശുപത്രികളിലെ സാഹചര്യം വിലയിരുത്തിയ യോഗം പനി ക്ലിനിക്കുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്കി.- മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക വാര്‍ഡും ഐ.സി.യുവും സജ്ജമാക്കും. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളിലും മരുന്നിന്റെയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കും. സ്റ്റോക്ക് വിലയിരുത്തി മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.