പനി: താഴേത്തട്ടിൽ പ്രവർത്തനം ഊർജിതമാക്കുന്നു
text_fieldsതിരുവനന്തപുരം: പനി പടരുന്ന സാഹചര്യത്തിൽ താഴേത്തട്ടിൽ പ്രവർത്തനം ഊർജിതമാക്കാൻ ആരോഗ്യ-റവന്യൂ മന്ത്രിമാരുടെ സാന്നിധ്യത്തിൽ തീരുമാനം. എല്ലാ മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത മുന്നില്‍ക്കണ്ട് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കരുത്.
ജില്ല കലക്ടര്‍മാര്‍ യോഗം വിളിക്കുമ്പോള്‍ ചികിത്സാ പ്രോട്ടോകോള്‍ ഉറപ്പാക്കാൻ നിര്‍ദേശം നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി. എം.എല്‍.എമാരുടെ യോഗം വിളിക്കാൻ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ പനിബാധിതര്‍ക്ക് പ്രത്യേക സ്ഥലം കണ്ടെത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് യോഗത്തിൽ തീരുമാനിച്ചു.
മൂന്ന് പനിമരണം കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പനി മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃശൂരിൽ രണ്ടുപേരും തിരുവനന്തപുരത്ത് ഒരാളുമാണ് മരിച്ചത്. സംസ്ഥാനത്ത് പ്രതിദിന പനിക്കേസുകൾ 13,000 ആയി.
ഡെങ്കിപ്പനി കേസുകളും കൂടുകയാണ്. 96 പേർക്ക് കഴിഞ്ഞദിവസം ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് എലിപ്പനി കേസുകൾ വ്യാഴാഴ്ച സ്ഥിരീകരിച്ചു. 17 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. മൂന്ന് പേർക്ക് എച്ച് 1 എൻ 1 ഉം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണിൽ ആകെ 2.93 ലക്ഷം പേരാണ് പകർച്ചപ്പനി ബാധയുമായി ചികിത്സ തേടിയത്. 1876 പേർക്ക് ജൂണിൽ ഡെങ്കി സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.