തൊഴിൽദിനങ്ങൾ കുറവ് വിമാനത്താവളത്തിലെ കരാർ ജീവനക്കാർ പ്രതിസന്ധിയിൽ
text_fieldsനെടുമ്പാശ്ശേരി: ലോക്ഡൗൺ നീളുേമ്പാൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കരാർ ജീവനക്കാർക്ക് തൊഴിൽദിനങ്ങൾ കുറയുന്നു. ശുചീകരണ, ഗ്രൗണ്ട് ഹാൻഡ്ലിങ്, എൻജിനിയറിങ്, മെക്കാനിക്കൽ വിഭാഗങ്ങളിലായുള്ള അയ്യായിരത്തോളം തൊഴിലാളികളാണ് വിഷമവൃത്തത്തിലായത്.
രാജ്യാന്തര വിമാന സർവിസ് ഇല്ലാതായതോടെ 2020 ഏപ്രിൽ മുതൽ തൊഴിൽദിനങ്ങൾ വെട്ടിച്ചുരുക്കി. പലർക്കും മാസത്തിൽ 10 ദിവസംപോലും തൊഴിൽ ലഭിക്കുന്നില്ല. 15,000 രൂപ വരെ ശമ്പളം ലഭിച്ചിരുന്നവർ ഇപ്പോൾ 3000 രൂപകൊണ്ട് തൃപ്തിപ്പെടേണ്ടിവരുകയാണ്. ഷെഡ്യൂൾഡ് വിമാനങ്ങൾ പൂർണമായി സർവിസ് ആരംഭിച്ചാൽ മാത്രമേ പഴയതുപോലെ തൊഴിൽ ലഭിക്കൂ. വിമാനത്താവള കമ്പനിയും നഷ്ടത്തിലാണെങ്കിലും കരാറുകാർക്ക് പണം നൽകുന്നുണ്ട്. അതിനാലാണ് കുറച്ചുദിവസമെങ്കിലും തൊഴിൽ ലഭിക്കുന്നത്.
തൊഴിലാളികളിലേറെയും വിമാനത്താവളത്തിനായി കുടിയൊഴിഞ്ഞവരാണ്. മറ്റ് ജില്ലകളിൽനിന്നുള്ളവരുമുണ്ട്. ഇവർക്ക് വാടക നൽകാനോ ഭക്ഷണത്തിനോപോലും തുക ലഭിക്കുന്നില്ല. താൽക്കാലികമായി ജോലിയിൽനിന്ന് വിട്ടുപോയാൽ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടാകും. ഒന്നാം ലോക്ഡൗൺകാലത്ത് മൂന്നുമാസം പൂർണ ശമ്പളം നൽകാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശിച്ചെങ്കിലും ലഭ്യമായില്ലെന്ന് സിവിൽ ഏവിയേഷൻ കോൺഗ്രസ് പ്രസിഡൻറ് വി.പി. ജോർജ് പറഞ്ഞു.
സിയാലിന് കീഴിൽ 550 ജീവനക്കാരോളമുണ്ട്. ഇവർക്ക് ഇതുവരെ തൊഴിൽ ദിനങ്ങളോ ശമ്പളമോ വെട്ടിക്കുറച്ചിട്ടില്ല. എന്നാൽ, രണ്ടുമാസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ശമ്പളം കുറക്കേണ്ടിവരുമെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
വിമാനത്താവളത്തോട് ചേർന്ന ഹോട്ടലുകളിലും ജീവനക്കാരെ താൽക്കാലികമായി കുറച്ചിരിക്കുകയാണ്. യാത്രക്കാർ കുറഞ്ഞതോടെ പ്രീ പെയ്‌ഡ് ടാക്സിക്കാർക്ക് എല്ലാ ദിവസവും ഓട്ടം കിട്ടുന്നില്ല. വാഹനങ്ങളുടെ സി.സി അടക്കുന്നതും മുടങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.