മീൻപിടിക്കാൻ തെങ്ങിൻ കുലയും പ്ലാസ്റ്റിക് കുപ്പിയും; ഫൈബർ വള്ളം പിടിയിൽ
text_fieldsചാവക്കാട്: തെങ്ങിന്‍റെ കുരഞ്ഞിലുകളും പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയ ഫൈബർ വള്ളം മുനക്കക്കടവ് തീര പൊലീസ് പിടികൂടി.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള താസൻ എന്നയാളുടെ യഹോവ നിഷി എന്ന വള്ളമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുനക്കക്കടവ് തീര പൊലീസ് സി.ഐ ഫൈസൽ, എസ്.ഐ അറുമുഖൻ, സീനിയർ സി.പി.ഒമാരായ സാജൻ, സൗമൽ, ബോട്ട് ടെക്നീഷ്യൻ സ്റ്റാഫുകളായ സ്രാങ്ക് അഖിൻ, ലാസ്കർ സുജിത്ത് എന്നിവർ ചേർന്നാണ് വള്ളം പിടികൂടി കരക്കെത്തിച്ചത്.
കണവ പിടിക്കുന്നതിനു വേണ്ടി നടത്തുന്ന ഇത്തരം അനധികൃത മത്സ്യബന്ധന രീതി, പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ വലകൾ നശിപ്പിക്കുന്നതിനും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയാകുന്നതായും വ്യാപക പരാതി ഉയർന്നിരുന്നു. ഇത്തരത്തിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.