പുത്തുമല ദുരന്തത്തിന് നാളെ അഞ്ചാണ്ട്
text_fieldsകല്പറ്റ: പുത്തുമല പ്രകൃതിക്കലിയില്‍ പൊട്ടിയടര്‍ന്നിട്ട് അഞ്ചുവര്‍ഷം. നൂറുകണക്കിന് ജീവനെടുത്ത മുണ്ടക്കൈ ഉരുൾ ദുരന്തത്തിന് മൂന്നു കിലോമീറ്റർ അകലെ 2019 ആഗസ്ത് എട്ടിന് വൈകീട്ടായിരുന്നു ഔദ്യോഗിക കണക്കു പ്രകാരം 17 പേരുടെ ജീവനെടുത്ത, കേരളത്തിനാകെ വേദനയായി മാറിയ ഉരുൾപൊട്ടൽ. കേരളത്തെ നടുക്കിയ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളില്‍ ഒന്നായിരുന്നു അത്.
നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പുത്തുമലയിലും മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. പച്ചക്കാട് ഉരുള്‍പൊട്ടി താഴ്വാരത്തെ പുത്തുമല കലിപൂണ്ടപ്പോൾ മണ്ണും കല്ലും മരവും കൂടിക്കലര്‍ന്നു കുത്തിയൊഴുകിയ ഉരുള്‍വെള്ളം അനേകം കുടുംബങ്ങളെയാണ് കണ്ണീരിലാക്കിയത്. രണ്ട് ദിവസം ആര്‍ത്തലച്ച് പെയ്ത മഴക്ക് പിന്നാലെയായിരുന്നു പുത്തുമല ദുരന്തം.
അന്ന് 550 മില്ലിമീറ്റര്‍ മഴ പുത്തുമലക്ക് മുകളില്‍ പെയ്തുവെന്നാണ് കണക്ക്. വൈകീട്ട് നാലോടെ മേപ്പാടി പച്ചക്കാട്ടില്‍ ഉരുള്‍പൊട്ടി താഴ്വാരം മുഴുവന്‍ ഒലിച്ചുപോകുകയായിരുന്നു. മണ്ണും പാറക്കൂട്ടവും ഒലിച്ചെത്തി ഒരു ഗ്രാമം തന്നെ ഇല്ലാതായി. ഓടിരക്ഷപ്പെടാന്‍പോലും കഴിയാതിരുന്നവരും വീടുകളും വളര്‍ത്തുമൃഗങ്ങളുമെല്ലാം മണ്ണിനടിയിലായി. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഏക്കർ കണക്കിന് കൃഷിയിടം മണ്ണിനടിയിലായി. താഴ്വാരത്തെ ആരാധനാലയങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, വാഹനങ്ങള്‍, എസ്റ്റേറ്റ് പാടി, കാന്റീന്, പോസ്റ്റ് ഓഫിസ് തുടങ്ങിയവ മലവെള്ളം കൊണ്ടുപോയി. വീടും കിടപ്പാടവും പൂർണമായി നഷ്ടപ്പെട്ടവരെ പൂത്തകൊല്ലിയിൽ ഹർഷം പദ്ധതി പ്രകാരം നിരവധി വീടുകൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിർമിച്ച് പുനരധിവസിപ്പിച്ചു.
കുറേ പേർ സർക്കാർ, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മറ്റിടങ്ങളിൽ വീടുവെച്ചു. മരിച്ച 17 പേരില്‍ അഞ്ച് ആളുകളുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായില്ല. മണ്ണിന്റെ ആഴങ്ങളില്‍ അന്ത്യവിശ്രമംകൊള്ളുന്ന ഇവരെക്കുറിച്ചുള്ള ഓര്‍മകളില്‍ ഇന്നും നീറുകയാണ് ബന്ധുമിത്രാദികള്‍.
പുത്തുമല മുതിരത്തൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടില്‍ അവറാന് (62), പച്ചക്കാട് കണ്ണന്‍കാടന്‍ അബൂബക്കര്‍ (62), പുത്തുമല എസ്റ്റേറ്റിലെ അണ്ണയ്യ (54), പച്ചക്കാട് എടക്കണ്ടത്തില്‍ നബീസ (74) എന്നിവരെയാണ് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങളടക്കം ദിവസങ്ങളോളം തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ പോയത്. പുത്തുമല ദുരന്തത്തിന്റെ നടുക്കത്തില്‍നിന്നും വേര്‍പാടിന്റെ വേദനകളില്‍നിന്നും ഇനിയും നാട് മുക്തമായിട്ടില്ല.
അതിനിടയിലാണ് മറ്റൊരു വലിയ പ്രകൃതിദുരന്തം വയനാട്ടിൽ പെയ്തിറങ്ങിയത്. പുത്തുമല ദുരന്തത്തിന് അഞ്ചുവര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് പുത്തുമലയോട് ചേര്‍ന്നുള്ള പ്രദേശമായ മുണ്ടക്കൈയിലെ മഹാദുരന്തം. ഉരുൾപൊട്ടി ഒലിച്ചിറങ്ങി കല്ലും ചളിയും നിറഞ്ഞ ദുരന്തഭൂമിയുടെ ശേഷിപ്പായ പുത്തുമലയിലെ ഭൂമിയിലാണ് മുണ്ടക്കൈയിലെ മഹാദുരന്തത്തിൽ ഉയിരെടുത്ത നിരവധി പേരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇപ്പോൾ സംസ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.