അമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്: 12 വർഷത്തിനുശേഷം പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്
text_fieldsകട്ടപ്പന: ഒറ്റക്ക് താമസിച്ചിരുന്ന അമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ സ്ഥലത്ത് എത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. കാഞ്ചിയാർ പള്ളിക്കവലയിൽ താമസിച്ചിരുന്ന കുഞ്ഞുമോൾ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതി കൽക്കൂന്തൽ ഈട്ടിത്തോപ്പ് പതാലിപ്ലാവിൽ ഗിരീഷിനെയാണ് (38) ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിന് കൊണ്ടുവന്നത്. 2008 ഒക്ടോബറിലാണ് പള്ളിക്കവലയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ടത്.
ക്രൂര ബലാത്സംഗത്തിനുശേഷം ഇവരെ കൊല്ലുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതി ഗിരീഷിനെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയാണ് കാഞ്ചിയാറിൽ വെള്ളിയാഴ്ച തെളിവെടുപ്പിന് എത്തിച്ചത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് സ്ഥലത്ത് ഏറെപ്പേർ എത്തിയിരുന്നു. സംഭവം നടന്ന വീട്, കൊലപ്പെടുത്താനുപയോഗിച്ച ആയുധം ഒളിപ്പിച്ച സ്ഥലം, രക്ഷപ്പെട്ട വഴി ഇവയെല്ലാം പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
കുഞ്ഞുമോൾ കൊല്ലപ്പെട്ട് 12 വർഷം കഴിഞ്ഞാണ് പ്രതി അറസ്റ്റിലാകുന്നത്. 2008ൽ നടന്ന കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസിെൻറ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ സാധിക്കാതിരുന്നതിനെത്തുടർന്ന് നാട്ടുകാർ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. 2008 ഒക്ടോബറിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി പി.കെ. മധുവിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ചശേഷം പ്രതിയെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ബലാത്സംഗശ്രമം തടഞ്ഞ കുഞ്ഞുമോളെ വീട്ടിലുണ്ടായിരുന്ന തവിയും വാക്കത്തിയും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. മുഖത്തും കഴുത്തിലും തലയിലുമേറ്റ പരിക്കാണ് മരണകാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
2002ൽ അയൽവാസിയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് 12 വർഷം ശിക്ഷിക്കപ്പെട്ടയാളാണ് ഗിരീഷ്. 2016ൽ സ്‌കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം എടുത്ത കേസ് വിചാരണയും നടന്നുവരുകയാണ്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഷിേൻറാ പി. കുര്യൻ, എസ്.ഐമാരായ എം.പി. മോനച്ചൻ, സജി പോൾ, സിജു ജോസഫ്, സി.പി.ഒമാരായ ബിജേഷ്, അനീഷ്, പി.പി. ഫ്രാൻസിസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.