വീണ്ടും പോര്; കേരള കോൺഗ്രസ് എമ്മിനെതിരെ സി.പി.ഐ
text_fieldsകോട്ടയം: ‘മൂപ്പിള’ തർക്കത്തിനിടെ ജില്ലയിൽ വീണ്ടും സി.പി.ഐ-കേരള കോൺഗ്രസ് എം പോരിന് കളമൊരുങ്ങുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ അധികാര കൈമാറ്റം സംബന്ധിച്ചാണ് പുതിയ തർക്കം. കേരള കോൺഗ്രസ് എമ്മിന്‍റെ എൽ.ഡി.എഫ് പ്രവേശനം മുതൽ ഒളിഞ്ഞും തെളിഞ്ഞും ഇരുകക്ഷികളും തമ്മിൽ ഒളിയമ്പുകൾ എയ്ത് വരുകയായിരുന്നു.
മുന്നണി പ്രവേശന ശേഷം രണ്ടാം കക്ഷിയാരെന്നത് സംബന്ധിച്ചും തർക്കം ഉടലെടുത്തിരുന്നു. ഇത് പലപ്പോഴും വലിയതോതിലുള്ള വാക്പോരിലേക്കും എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. പാറത്തോട് പഞ്ചായത്തിലെയും കാഞ്ഞിരപ്പള്ളി ബ്ലോക്കിലെയും അധികാര കൈമാറ്റമാണ് പുതിയ തർക്കത്തിലേക്ക് എത്തുന്നത്. മുന്നണി മര്യാദ പാലിക്കാൻ കേരള കോൺഗ്രസ് എം തയാറാകണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി വി.ബി. ബിനു ആവശ്യപ്പെട്ടു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ അധികാര കൈമാറ്റം സംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നു. ഇതനുസരിച്ച് ഡിസംബർ 30ന് ആദ്യ ടേം പൂർത്തിയാക്കിയ അംഗങ്ങൾ സ്ഥാനമൊഴിയണം. സി.പി.ഐ, സി.പി.എം ജനപ്രതിനിധികൾ മുന്നണി മര്യാദ പൂർണമായി പാലിച്ച് ഡിസംബർ 30ന് രാജിവെച്ചിരുന്നു.
ചിലയിടങ്ങളിൽ കേരള കോൺഗ്രസ് പ്രതിനിധികളും രാജി പ്രഖ്യാപിച്ചു. എന്നാൽ, മറ്റ് പല സ്ഥലങ്ങളിലും കേരള കോൺഗ്രസ് അംഗങ്ങൾ ഇനിയും സ്ഥാനമൊഴിഞ്ഞിട്ടില്ല. പലവട്ടം മുന്നണി യോഗങ്ങളിലും നേതൃയോഗങ്ങളിലും ഇക്കാര്യം ചർച്ചയായെങ്കിലും രാജി നീട്ടിക്കൊണ്ടുപോകുകയാണ് കേരള കോൺഗ്രസ് ജനപ്രതിനിധികൾ ചെയ്യുന്നത്. പാറത്തോട് പഞ്ചായത്തിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അടക്കമുള്ള സ്ഥലങ്ങളിലും ഇതാണ് സ്ഥിതി.
കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തിന്‍റെ കാര്യത്തിൽ ധാരണ പാലിക്കണമെന്ന് രണ്ടുവട്ടം എൽ.ഡി.എഫ് ജില്ല നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസ് ജില്ല സംസ്ഥാന ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാൽ, ധാരണ പാലിക്കാൻ കേരള കോൺഗ്രസ് തയാറായില്ലെന്ന് സി.പി.ഐ പറയുന്നു. പലവട്ടം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും മുന്നണി മര്യാദ പാലിക്കാൻ കേരള കോൺഗ്രസ് തയാറാകാത്തതിൽ സി.പി.ഐ പ്രതിഷേധം രേഖപ്പെടുത്തി.
സ്ഥാനം ഒഴിയാത്തത് മനഃപൂർവമാണെന്നാണ് സി.പി.ഐ ജില്ല നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കേരള കോൺഗ്രസിന്‍റെ അംഗത്വ കാമ്പയിനുമായി ബന്ധപ്പെട്ട് പലതവണ സി.പി.ഐയെ പ്രകോപിക്കാൻ നേതാക്കൾ ശ്രമിച്ചതായും ഇവർ പറയുന്നു. സി.പി.ഐയെക്കാൾ അംഗങ്ങളെ ചേർക്കാൻ കഴിഞ്ഞതായി കേരള കോൺഗ്രസ് എം നേതാക്കൾ അവകാശപ്പെട്ടിരുന്നു. നേരത്തേ പാലാ നഗരസഭ ചെയർമാൻ സ്ഥാനം ഒഴിയാൻ കേരള കോൺഗ്രസ് എം തയാറാവില്ലെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, സി.പി.എം ജില്ല നേതൃത്വം കർശനനിലപാട് സ്വീകരിച്ചതോടെ കഴിഞ്ഞ ദിവസം ചെയർമാൻ രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.