സംസ്ഥാനത്ത് പിടിമുറുക്കുന്ന ലഹരി ശൃംഖലക്കെതിരായ പോരാട്ടം ശക്തമാക്കണം -റോയ് അറയ്ക്കല്‍
text_fieldsതിരുവനന്തപുരം: ലഹരി മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുകയാണെന്നും അതിനെതിരായ പോരാട്ടം ശക്തമാക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കുട്ടികളും യുവാക്കളും ഉള്‍പ്പെടെ സമൂഹത്തിന്‍റെ വലിയൊരു വിഭാഗം ഇന്ന് ലഹരിക്ക് അടിമകളായി മാറിയിരിക്കുന്നു. ലഹരിക്കെതിരായ ബോധവത്കരണവും പ്രതിരോധ നടപടികളും കേവലം ഔദ്യോഗിക ചടങ്ങുകളായി മാത്രം മാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.
സിന്തറ്റിക് രാസലഹരി വസ്തുക്കള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലും കാംപസുകളിലും പോലും എത്തിയിരിക്കുന്നു. തലമുറയെ കാര്‍ന്നു തിന്നുന്ന മാരക വിപത്തായി മാറിയിരിക്കുന്ന ലഹരിക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം.
ഡോക്ടര്‍മാരുടെ ജീവന്‍ പോലും അപഹരിക്കുന്ന തരത്തിലേക്ക് ലഹരിയുടെ ഭീഷണി മാറിയിരിക്കുന്നു. ലഹരി വിപണനം ചെയ്യുന്ന പ്രതികള്‍ നിയമത്തിന്‍റെ പഴുതുകളിലൂടെ രക്ഷപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ലഹരി കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കി കൃത്യമായ ഫോളോ അപ് നടത്തുന്നതില്‍ അധികാരികള്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പ്രതികളാക്കപ്പെടുന്നവര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്താനാകണം. മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും മറ്റുള്ളവര്‍ക്ക് താക്കീതാവുന്ന തരത്തിലും നിയമം കര്‍ശനമായി നടപ്പാക്കണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.