ഹിന്ദുത്വ വർഗീയതക്കെതിരായ പോരാട്ടം ന്യൂനപക്ഷ പ്രീണനമല്ല –എം.വി. ഗോവിന്ദൻ
text_fieldsപെരിന്തൽമണ്ണ: ഹിന്ദുത്വ വർഗീയതക്കെതിരെ നടത്തുന്ന പോരാട്ടം ഭരണഘടന നിലനിൽക്കാൻ വേണ്ടിയാണെന്നും അത് ന്യൂനപക്ഷ പ്രീണനമല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പെരിന്തൽമണ്ണയിൽ ‘ഇ.എം.എസിന്റെ ലോകം’ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെൻററി ജനാധിപത്യവും ഫെഡറൽ സംവിധാനവും തങ്ങൾ അംഗീകരിക്കുന്നില്ലെന്നാണ് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ പ്രഖ്യാപനം.
ഭരണഘടനക്കു പകരം ചാതുർവർണ്യ വ്യവസ്ഥിതിയിൽ മനുസ്മൃതി നടപ്പാക്കലാണ് അവരുടെ ലക്ഷ്യം. ആർ.എസ്.എസിന്റെ നൂറാം വാർഷികത്തിൽ രാജ്യം മതരാഷ്ട്രമായി പ്രഖ്യാപിക്കാനിരിക്കെയാണ് ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയായത്. 2025ൽ ഫാഷിസ്റ്റ് ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വം ശക്തിപ്രാപിച്ചാൽ തീവ്ര വലതുപക്ഷത്തേക്കാണ് ചെന്നെത്തുകയെന്ന ഇ.എം.എസിന്റെ ദീർഘവീക്ഷണമാണ് രാജ്യത്തും ലോകത്തും കാണുന്നത്. ഇതിന്റെ അവസാന തെളിവാണ് ഫലസ്തീനിൽ ഇസ്രായേൽ നടപ്പാക്കുന്നത്. ഒരു ജനതയെ പൂർണമായും ഇല്ലായ്മ ചെയ്തേ യുദ്ധം അവസാനിപ്പിക്കൂവെന്നാണ് ഇസ്രായേൽ പറയുന്നത്.
അതിന്റെ പിന്നിൽ തീവ്രവലതുപക്ഷമായ അമേരിക്കയുടെയും ഇന്ത്യയുടെയും സഹായമാണ്. സ്ത്രീകളെയും കുട്ടികളെയും ഇല്ലാതാക്കിയും അഭയാർഥി ക്യാമ്പുകൾ തകർത്തുമാണ് യുദ്ധം. യുദ്ധക്കുറ്റവാളികളാണ് ഇസ്രായേൽ. വലതുപക്ഷം ചരിത്രത്തിൽ ഇത്രമേൽ കരുത്താർജിച്ച കാലം വേറെയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ വി. ശശികുമാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.