'ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുകളി'; പ്രതിപക്ഷം പങ്കാളിയാകാനില്ലെന്ന് വി.ഡി. സതീശൻ
text_fieldsകായംകുളം: വിവാദ ബില്ലുകളുടെ പേരിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ നാടകം കളിയിൽ യു.ഡി.എഫ് കക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് അവർ തമ്മിൽ തീർക്കട്ടെ. പക്ഷേ, അതുണ്ടാക്കുന്ന ഭരണഘടനാ പ്രതിസന്ധി അതീവ ഗുരുതരമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഗവർണർ ശരിയായ നിലപാട് സ്വീകരിച്ചാൽ അദ്ദേഹത്തെ പിന്തുണയ്ക്കും. എന്നാൽ, ഒരിക്കൽ വിസമ്മതിക്കുന്ന കാര്യങ്ങളിൽ ഗവർണർക്ക് അനുകൂലമായ തീരുമാനമുണ്ടായാൽ സർക്കാറിനെ സഹായിക്കുന്ന നിലപാടുകളാണ് ഗവർണർ സ്വീകരിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
മിൽമ, യൂണിവേഴ്സിറ്റി, ലോകായുക്ത നിയമഭേദഗതി ബില്ലുകളിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടികൾ നല്ല കാര്യമാണ്. ഗവർണറും മുഖ്യമന്ത്രിയും സർക്കാറുമൊക്കെ ഭരണഘടന അനുസരിച്ചു പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളും പദവികളുമാണ്. ഓരോരുത്തരുടെയും അധികാരങ്ങൾ നിയമം മൂലം നിർവചിച്ചിട്ടുണ്ട്. എന്നാൽ ഈ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഭരണഘടനയിന്മേലുള്ള കൈയേറ്റമാണ്. അതാണിപ്പോൾ സംഭവിക്കുന്നത്. തന്റെ അധികാരം കുറയുമെന്നു കണ്ടപ്പോഴാണ് ഗവർണർ ക്ഷോഭിച്ചത്.
22 വർഷം മുൻപാണ് ലോകായുക്ത നിയമം അന്നത്തെ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്നത്. രാഷ്‍ട്രപതിയുടെ അനുവാദത്തോടെയാണ് ഈ നിയമം അന്നു പാസാക്കിയത്. അതിന്റെ മൂലഘടനയിൽ മാറ്റം വരുത്തുമ്പോൾ രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും ചെയ്യാതെയാണ് നിയമം കൊണ്ടുവരുന്നത്.
സർവകലാശാലകളുടെ സ്വയംഭരണാവകാശങ്ങളടക്കം ഹനിക്കുന്ന ഇടപെടലുകൾക്കു വേണ്ടിയാണ് സർവകലാശാല നിയമത്തിലും ഭേദഗതി വരുത്തുന്നത്. ഇതിനെ പ്രതിപക്ഷം തുടക്കം മുതൽ എതിർക്കുന്നതാണ്. ജുഡീഷ്യറിയെ അപ്പലേറ്റ് അതോറിറ്റിയായി നിയോഗിച്ച് സർക്കാറിന്റെ പേരിലുള്ള രാഷ്‌ട്രീയ കടന്നുകയറ്റം ഇല്ലാതാക്കാമെങ്കിലും അതെല്ലാം മറികടന്ന് അഴിമതിയുടെ താവളമായി സർവകലാശാലകളെ മാറ്റാനുള്ള നീക്കമാണ് നിയമഭേദഗതിയിലൂടെ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതിനെ സർവ ശക്തിയുമെടുത്ത് ചെറുക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.