അഡ്വ. സി.കെ. ശ്രീധരനെതിരെ കോൺഗ്രസ് പടയൊരുക്കം
text_fieldsകാസർകോട്: കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് ചേക്കേറാനൊരുങ്ങുന്ന കെ.പി.സി.സി മുന്‍ ഉപാധ്യക്ഷന്‍ അഡ്വ. സി.കെ. ശ്രീധരനെതിരെ സ്വന്തം തട്ടകത്തിൽ പടയൊരുക്കം. 42 വർഷമായി തുടരുന്ന ഉദുമ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് ഇനിയദ്ദേഹം വേണ്ടെന്നാണ് ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം. ശ്രീധരനെതിരെ അവിശ്വാസം കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ ദിവസം തച്ചങ്ങാട് ചേർന്ന ഉദുമ ബ്ലോക്ക് കോൺഗ്രസ് യോഗം ഇതിന് അംഗീകാരം നൽകി. കോൺഗ്രസ് ജില്ലാ നേതൃത്വവും ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്.
ഒമ്പതംഗ ഭരണ സമിതിയിൽ മുസ്ലിം ലീഗിന് മൂന്നും കോൺഗ്രസിന് ആറും ഡയറക്ടർമാരാണുള്ളത്. ബാങ്കിന് ഹെഡ് ഓഫിസും നാലിടത്ത് ശാഖകളുമുണ്ട്. കോൺഗ്രസ് നേതാവായിരുന്ന കരിച്ചേരി നാരായണൻ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ രണ്ടാമത് അവാർഡ് സി.കെ. ശ്രീധരന് നൽകാനുള്ള തീരുമാനം ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മരവിപ്പിച്ചതായും ബന്ധപ്പെട്ടവർ പറഞ്ഞു. ആദ്യ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സമ്മാനിച്ചത്.
50 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ ശ്രീധരൻ പാർട്ടി വിടുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍. നവംബർ 17ന് വാർത്തസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കും. സി.പി.എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും കൂടുതൽ വിവരങ്ങൾ പാർട്ടി നേതൃത്വം വിശദീകരിക്കുമെന്നും സി.കെ. ശ്രീധരൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.