ദിവസക്കണക്ക് റെക്കോഡ് ചെയ്യപ്പെട്ടാലും കാര്യമാക്കുന്നില്ല; നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും പി.വി. അൻവർ
text_fieldsകോഴിക്കോട്: എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്‍റെ വിമർശനങ്ങൾക്കു പിന്നാലെ വീണ്ടും ഫേസ് ബുക്ക് കുറിപ്പുമായി പി.വി. അൻവർ എം.എൽ.എ. ദിവസകണക്കൊക്കെ റെക്കോഡ് ചെയ്യപ്പെട്ടാലും കാര്യമാക്കുന്നില്ലെന്നും നീതി കിട്ടുംവരെ പോരാടുമെന്നും അൻവർ വ്യക്തമാക്കി.
പരാതിയുണ്ടെങ്കിൽ അൻവർ രേഖാമൂലം പരാതിപ്പെടണമെന്നും എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും രാമകൃഷ്ണൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രതികരണം. കേരള പൊലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ട്. ഇന്ന് അതിന്റെ തെളിവുകളും പുറത്ത് വിട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർ.എസ്.എസ് കത്തിച്ചെങ്കിൽ അതിന്റെ പേരിൽ കണ്ണൂരിലുള്ള സഖാവ് കാരായി രാജന്റെ ഫോൺ ചോർത്തുന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ലെന്നും കുറിപ്പിൽ പറയുന്നു.
നിരപരാധികളായ സഖാക്കളെ വേട്ടയാടുന്ന പൊലീസിലെ ചിലരുടെ മനോഭാവം എതിർക്കപ്പെടേണ്ടതുണ്ട്. അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്. നീതി കിട്ടിയില്ലെങ്കിൽ അത് കിട്ടും വരെ പോരാടും. നമ്മൾ ഓരോരുത്തവർക്കും വേണ്ടിയാണ് സഖാക്കളെ ഈ പോരാട്ടമെന്നും അൻവർ കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;
"മിത്തോ","അഭ്യൂഹമോ" അല്ല..
കേരള പോലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ട്.ഇന്ന് അതിന്റെ തെളിവുകളും പുറത്ത് വിട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർ.എസ്.എസ് കത്തിച്ചെങ്കിൽ അതിന്റെ പേരിൽ കണ്ണൂരിലുള്ള സഖാവ് കാരായി രാജന്റെ ഫോൺ ചോർത്തുന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.
കാലങ്ങളോളം രാഷ്ട്രീയമായി വേട്ടയാടപ്പെട്ട്,നാടുകടത്തപ്പെട്ട സഖാവാണ് കാരായി രാജൻ.അത്രമാത്രം ത്യാഗം സഹിച്ചിട്ടുള്ള ആ സഖാവിനെ സ്വാമിയുടെ ആശ്രമം കത്തിക്കൽ കേസ്സുമായി ബന്ധപ്പെടുത്താൻ ആർക്കാണിവിടെ ഇത്ര ധൃതി.!!നിരപരാധികളായ സഖാക്കളെ വേട്ടയാടുന്ന പോലീസിലെ ചിലരുടെ മനോഭാവം എതിർക്കപ്പെടേണ്ടതുണ്ട്.
അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്.
കാരായിൽ നിന്ന് കണ്ണൂരിലെ ജയരാജന്മാരിലേക്ക്,അവിടെ നിന്ന് എ.കെ.ജി സെന്ററിലേക്കും,മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും.ഇതായിരുന്നു ഇവരുടെ ലക്ഷ്യം.ഇത് ബൂമറാങ്ങ് ആവുമെന്ന അവസാന നിമിഷത്തെ ആരുടെയോ ഉപദേശമാണിവരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചത്.അല്ലെങ്കിൽ,സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ പാപഭാരം ഈ പാർട്ടിയും കാരായിയെ പോലെയുള്ള സഖാക്കളും തലയിൽ പേറേണ്ടി വന്നേനേ.
നീതി കിട്ടിയില്ലെങ്കിൽ
അത് കിട്ടും വരെ പോരാടും.
അതിനിനി ദിവസക്കണക്കൊക്കെ
റെക്കോർഡ് ചെയ്യപ്പെട്ടാലും
അതൊന്നും കാര്യമാക്കുന്നില്ല.
എനിക്ക് വേണ്ടിയല്ല,
നമ്മൾ ഓരോരുത്തവർക്കും
വേണ്ടിയാണ് സഖാക്കളെ
ഈ പോരാട്ടം..
സഖാവ് കാരായിക്ക് ഐക്യധാർഢ്യം..❤️
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.