മുഖ്യമന്ത്രി പിതൃതുല്യൻ; കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാനശ്വാസം വരെ -കെ.ടി.ജലീൽ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ തനിക്ക് പിതൃതുല്യനാണെന്ന് കെ.ടി.ജലീൽ എം.എൽ.എ. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാമെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്‍റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് ജലീൽ പറഞ്ഞു.
എ.ആർ നഗർ സർവീസ് സഹകരണബാങ്കിലെ തട്ടിപ്പിൽ ഇ.ഡി അന്വേഷണം ആവശ്യമാണെന്ന കെ.ടി.ജലീലിന്‍റെ വാദം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 'കെ.ടി ജലീൽ ഇ.ഡി ചോദ്യം ചെയ്ത ആളാണല്ലോ. ചോദ്യം ചെയ്യലോടെ ഇ.ഡിയിൽ കുറെക്കൂടി വിശ്വാസ്യത അദ്ദേഹത്തിന് വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അങ്ങിനെയുള്ള പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിന്‍റെ സഹകരണ മേഖല ഇ.ഡിയല്ല കൈകാര്യം ചെയ്യേണ്ടത്.
സാധാരണനിലക്ക് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. അന്വേഷിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്. അതിപ്പോൾ നടക്കാത്തത് കോടതി ഇടപെടൽ ഭാഗമായാണ്. അത് എല്ലാവർക്കും അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.