രാജ്യസഭ പ്രതിസന്ധി: എൽ.ഡി.എഫ് ഫോർമുല
text_fieldsതിരുവനന്തപുരം: രാജ്യസഭ സീറ്റിനെച്ചൊല്ലി ഇടത് മുന്നണിയിൽ തർക്കമുയർന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് നീക്കങ്ങൾ സജീവം. ജോസ് കെ. മാണിക്ക് രാജ്യസഭ സീറ്റിന് പകരം ഭരണപരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനം നൽകി പ്രശ്നം പരിഹരിക്കാനാണ് ആലോചന. ജോസിന് പുറമേ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എന്നിവരുടെ രാജ്യസഭ കാലാവധി ജൂലൈയിലാണ് കഴിയുന്നത്. നിലവിലെ നിയമസഭ അംഗബലം വെച്ച് രണ്ട് പേരെ വിജയിപ്പിക്കാനേ എൽ.ഡി.എഫിന് കഴിയൂ. ഒരു സീറ്റ് സി.പി.എം ഉറപ്പിച്ച സാഹചര്യത്തിൽ രണ്ടാം സീറ്റിലാണ് തർക്കം. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സി.പി.ഐ നിലപാട് കടുപ്പിച്ചതോടെയാണ് ഒത്തുതീർപ്പ് ഫോർമുലകൾ ഉരുത്തിരിയുന്നത്.
കാബിനറ്റ് റാങ്കുള്ള ഭരണപരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനം ഇതിന് മുമ്പ് വഹിച്ചിരുന്നത് വി.എസ്. അച്യുതാനന്ദനാണ്. അദ്ദേഹം 2021 ജനുവരിൽ രാജിവെച്ച ശേഷം പദവി ഒഴിഞ്ഞുകിടക്കുകയാണ്. അതേ വർഷം യു.ഡി.എഫ് വിട്ടുവന്ന ജോസിന് ഈ പദവി വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. പകരം രാജ്യസഭ സീറ്റിനാണ് മുൻഗണന നൽകിയത്. ഇതേ ഫോർമുലയാണ് പുതിയ പ്രതിസന്ധിക്കുള്ള പരിഹാരമായി സി.പി.എം വീണ്ടും മുന്നോട്ടുവെക്കുന്നത്. ഒപ്പം 2027ൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിലൊന്ന് അനുവദിക്കാമെന്ന അധിക വാഗ്ദാനവും. ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവരുടെ സീറ്റുകളാണ് 2027ൽ ഒഴിയുന്നത്.
അതേസമയം രാജ്യസഭ സീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസ്. ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ സ്ഥാനത്തിന് കാബിനറ്റ് റാങ്കുണ്ടെങ്കിലും ആലങ്കാരിക പദവിയാണെന്ന അഭിപ്രായം പാർട്ടിക്കുണ്ട്. യു.ഡി.എഫിലായിരിക്കെ 2018ൽ ജയിച്ച രാജ്യസഭ സീറ്റുമായാണ് മാണി വിഭാഗം ഇടത് മുന്നണിയിലെത്തുന്നത്. ഇടത് പ്രവേശനത്തിന് പിന്നാലെ 2021 ജനുവരിയിൽ ജോസ് രാജിവെച്ചു. 2021 നവംബറിൽ ഇടതുമുന്നണിയുടെ ഭാഗമായി വീണ്ടും രാജ്യസഭയിലേക്ക്. ഈ സാഹചര്യത്തിൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് കേരള കോൺഗ്രസ് വാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുനൽകിയതടക്കം ഉന്നയിച്ചാണ് സി.പി.ഐ നിലപാട് കടുപ്പിക്കുന്നത്. രാജ്യസഭ സീറ്റിൽ എൻ.സി.പിയും അവകാശവാദം ഉന്നയിച്ചേക്കുമെന്ന വിവരമുണ്ട്. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോക്ക് വേണ്ടിയാണ് ഈ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.