ഫിലമെന്‍റ് രഹിത കേരളം; കെട്ടിക്കിടക്കുന്ന 1.83 ലക്ഷം എൽ.ഇ.ഡി ബൾബുകൾ കൊടുത്തു തീർക്കാൻ കെ.എസ്.ഇ.ബി നിർദേശം
text_fieldsതൃശൂർ: വിതരണം ചെയ്യാതെ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സർക്കിളുകളിൽ കെട്ടിക്കിടക്കുന്നത് വാറന്റി തീരാറായ 1.83 ലക്ഷം എൽ.ഇ.ഡി ബൾബുകൾ. ഇവ വിവിധ ഓഫിസുകൾക്ക് കൈമാറി ഒഴിവാക്കാൻ ചീഫ് എൻജിനീയർമാർക്ക് കെ.എസ്.ഇ.ബി നിർദേശം നൽകി.
ഫിലമെന്‍റ് രഹിത കേരളം പദ്ധതിക്കായി വാങ്ങിക്കൂട്ടിയ എൽ.ഇ.ഡി ബൾബുകളാണ് രണ്ട് വർഷ വാറന്റി തീരാറായ അവസ്ഥയിൽ അംഗൻവാടികൾ, ആശുപത്രികൾ, ലൈബ്രറികൾ തുടങ്ങിയവക്ക് കൈമാറുന്നത്.
2021 ജനുവരി ഏഴിന് ഉദ്ഘാടനം കഴിഞ്ഞ പദ്ധതിയിൽ ഭാഗികമായി എൽ.ഇ.ഡി വിതരണം പൂർത്തിയാക്കി രണ്ടാംഘട്ട നടപടി സ്വീകരിച്ചുവരവേയാണ് പഴയ സ്റ്റോക്കിലെ ബാക്കി സംബന്ധിച്ച കാര്യം കെ.എസ്.ഇ.ബി ഡയറക്ടർമാരുടെ യോഗത്തിൽ ചർച്ചയായത്.
സംസ്ഥാനത്തെ മുഴുവൻ ഫിലമെന്‍റ് ബൾബുകളും ഒഴിവാക്കി പകരം എൽ.ഇ.ഡി വിളക്കുകൾ കൊണ്ടുവരാൻ ലക്ഷ്യമിട്ട കേരള ഊർജ മിഷന്‍റെ പദ്ധതിയാണ് ഫിലമെന്‍റ് രഹിത കേരളം. 2021 ജനുവരി ഏഴിന് ഉദ്ഘാടനം ചെയ്ത പദ്ധതിയിലേക്കുള്ള ബൾബുകൾ 16 ഇലട്രിക്കൽ സർക്കിൾ സ്റ്റോറുകളിൽ സ്ഥലം മുടക്കിയായി കെട്ടിക്കിടപ്പാണ്.
ഇതിൽ വാറന്റി കാലാവധി കഴിഞ്ഞവയും കൊടുത്തുതീർക്കാനുള്ളവയും ഉണ്ട്. കേന്ദ്ര ഏജൻസിയായ എനർജി എഫിഷ്യൻസി സർവിസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) വഴി 1.5 കോടി എൽ.ഇ.ഡി ബൾബുകളാണ് സബ്സിഡി നിരക്കിൽ കെ.എസ്.ഇ.ബി വാങ്ങിയത്.
ഇതിൽ 1.4749 കോടി ബൾബുകൾ ആദ്യം 95 രൂപക്കും പിന്നീട് 60 രൂപക്കും ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിങ് പ്രോഗ്രാം, ഉജാല പദ്ധതിയിൽ വിതരണം ചെയ്തു. ബാക്കി എൽ.ഇ.ഡി ബൾബുകൾ അടിയന്തരമായി ഇവ എത്താത്ത ഒൻപത് ഇലക്ട്രിക്കൽ സർക്കിൾ സ്റ്റോറുകളിലെത്തിക്കാൻ ബോർഡ് നിർദേശം നൽകി. പ്രതിമാസം 50 യൂനിറ്റിൽ കുറവ് ഉപഭോഗമുള്ള വീടുകൾക്ക് സൗജന്യമായി എൽ.ഇ.ഡി ബൾബുകൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.