ഫയല്‍ ഐ.എ.എസ് ചുവപ്പുനാടയില്‍
text_fieldsകോഴിക്കോട്: ഉത്തരമേഖല വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് (എസ്.ഐ.യു) രൂപവത്കരിക്കുന്നതിനെതിരെ ഐ.എ.എസ് ലോബി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടിത നീക്കത്തിന്‍െറ തുടര്‍ച്ചയാണിതെന്നാണ് ആക്ഷേപം. മലബാര്‍ സിമന്‍റ്സ് അഴിമതി ഉള്‍പ്പെടെയുള്ള പ്രധാന കേസുകള്‍ അന്വേഷിക്കാന്‍ ഉത്തരമേഖല ആസ്ഥാനമായി പ്രത്യേക അന്വേഷണ സംഘം ആവശ്യമാണെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ അംഗീകാരമായെങ്കിലും ധനവകുപ്പ് ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തുണ്ടെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഐ.പി.എസുകാരുടെ സ്ഥലം മാറ്റ പട്ടികയില്‍ ഉമ ബെഹറയെ കോഴിക്കോട് പ്രത്യേക അന്വേഷണ സംഘം മേധാവിയായി നിയമിച്ചിരുന്നു. യൂനിറ്റ് സ്ഥാപിക്കാത്തതിനാല്‍ ഇവരെ റേഞ്ച് ഓഫിസിലെ എസ്.പി തസ്തികയിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.
നിലവിലുള്ള രണ്ട് പ്രത്യേക സംഘം യൂനിറ്റും തിരുവനന്തപുരത്താണ് പ്രവര്‍ത്തിക്കുന്നത്. ഉത്തരമേഖലയില്‍ ഇത്തരത്തിലുള്ള യൂനിറ്റ് ആരംഭിക്കുന്നതോടെ പല സുപ്രധാന കേസുകളുടെ അന്വേഷണവും വേഗത്തിലാക്കാനാവും. നിലവില്‍ കോഴിക്കോട് യൂനിറ്റില്‍ ഒരു ഡിവൈ.എസ്.പിയും അഞ്ച് സി.ഐമാരുമാണുള്ളത്.
ഇവിടെ 60ഓളം കേസുകളാണ് അന്വേഷിക്കാനുള്ളത്. ഇതിനുപുറമേ നിരവധി പരാതികളിലും ത്വരിതാന്വേഷണം പൂര്‍ത്തിയാക്കാനുണ്ട്. കഴിഞ്ഞ 20 ദിവസത്തിനകം കോഴിക്കോട് യൂനിറ്റില്‍ മാത്രം 43 പരാതിയാണ് എത്തിയത്. മലബാര്‍ സിമന്‍റ്സ് അഴിമതി ഉള്‍പ്പെടെയുള്ളവയുടെ അന്വേഷണം വേഗത്തിലാക്കാന്‍ എസ്.ഐ.യു രൂപവത്കരണത്തോടെ സാധിക്കും.
അതേസമയം, വിജിലന്‍സിന്‍െറ കോഴിക്കോട് യൂനിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നിലവില്‍ 90 സി.ഐമാരും 34 ഡിവൈ.എസ്.പിമാരുമാണ് വിജിലന്‍സിലുള്ളത്. 196 സി.ഐമാരെയും 68 ഡിവൈ.എസ്.പിമാരെയും കൂടുതലായി ഡയറക്ടര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.