ആഹ്ലാദം തുളുമ്പട്ടെ കുഞ്ഞുമനസ്സുകളിൽ
text_fieldsകോവിഡ് കാലത്ത് ലോകം ഏറെ ആശങ്കപ്പെട്ടത് കുട്ടികളെ ഓർത്താണ്. അതുകൊണ്ടാണ് കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെുക്കാൻ 'ചിരി', 'ഒപ്പം' തുടങ്ങിയ പദ്ധതികൾക്കും കൗൺസലിങ്ങിനും സർക്കാർ തുടക്കമിട്ടത്.
സ്കൂളിൽ പോകാനാകാതെ, കൂട്ടുകാരെ കാണാതെ, അവരോടൊപ്പം കളിക്കാൻ കഴിയാത്ത സങ്കടത്തിലാണവർ. ഒപ്പം ഓൺലൈൻ ക്ലാസിെൻറ വിരസതയും മാതാപിതാക്കളുടെ നിയന്ത്രണവും.
നിസ്സഹായതയുടെ പടുകുഴിയിൽ വീണ് എന്തൊരു കഷ്ടമാണ് കോവിഡേ ഇത് എന്ന് കുട്ടികൾ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ ദുർഘടകാലം നീക്കാൻ കുറച്ചു സൂത്രപ്പണികളിലൂടെ നമുക്ക് അവരെ സഹായിച്ചുകൂടേ.
വീടകം കളിക്കളം
ബാല്യത്തിൽ നമ്മൾ കളിച്ച എന്തൊക്കെ കളികളുണ്ട് അവർക്ക് പറഞ്ഞുകൊടുക്കാൻ. ഓർമയില്ലേ ഈർക്കിൽകൊണ്ടുള്ള നൂറാംകോൽ കളി.
കുട്ടികൾ ആ പേര് കേട്ടിട്ടുപോലുമുണ്ടാവില്ല. അല്ലെങ്കിൽ പാമ്പും കോണിയും, ചെസ്, തായംവെട്ട്, അന്താക്ഷരി... ഇതൊന്നും കൂടാതെ ഓരോ നാട്ടിലും പലതരം കളികളുണ്ട്. അതൊക്കെ അവരെ പഠിപ്പിക്കാം. കളിക്കാൻ കൂടാം.
കൂടട്ടെ, കുഞ്ഞുപണികൾക്ക്
കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ അവരെ ഏൽപിക്കുക. എല്ലാറ്റിനും മുതിർന്നവരുടെ കൈകൾ വേണമെന്ന നിർബന്ധം വേണ്ട. പത്രം വായിച്ചുകഴിഞ്ഞാൽ യഥാസ്ഥാനത്ത് അടുക്കിവെക്കാൻ ശീലിപ്പിക്കുക. ചെടി നനക്കൽ അവർക്ക് ഇഷ്ടമുള്ള ജോലിയാണ്.
ആദ്യദിവസങ്ങളിൽ അതിന് അവരെ കൂടെ കൂട്ടാം. പിന്നീട് അവർ സ്വയം ചെയ്തോളും. ഫ്ലവർവേസിൽ പൂക്കൾ വെക്കാനും വീട് വൃത്തിയാക്കാനും അടുക്കളയിൽ സഹായിക്കാനുമൊക്കെ പറയാം. ഇതൊക്കെ വീട്ടുകാര്യങ്ങളിൽ അവരെ പരിഗണിക്കുന്നുണ്ടെന്ന തോന്നൽ ഉണ്ടാക്കും. ഭാവിയിൽ ഉത്തരവാദിത്തവും കാര്യപ്രാപ്തിയും ഉള്ളവരാകാൻ ഉപകരിക്കും.
ഇഷ്ടങ്ങൾ കണ്ടെത്താം
കുട്ടികളുടെ അഭിരുചികൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇക്കാലം ഉപകരിക്കും. ചിത്രരചന ഇഷ്ടമുള്ള കുട്ടികൾക്ക് വരക്കാനുള്ള പുസ്തകവും ക്രയോണും നൽകൂ. അവരെത്ര നേരം വേണമെങ്കിലും വരച്ചും നിറം കൊടുത്തും ഇരിക്കും. വായന ഇഷ്ടമുള്ളവർക്ക് പുസ്തകം നൽകാം.
ബാലപ്രസിദ്ധീകരണങ്ങളോ മാസികകളോ പത്രങ്ങളോ എന്തും വായിക്കും. എഴുതാൻ ഇഷ്ടമുള്ളവർക്ക് ഡയറിയോ നോട്ട്ബുക്കോ നൽകാം. തോന്നുന്നതെല്ലാം എഴുതി നിറക്കാൻ പറയുക. പദപ്രശ്നങ്ങൾ പൂരിപ്പിക്കാനും നൽകാം.
അഭിരുചികൾ കണ്ടെത്താം
വെറുതെ ഇരുന്നപ്പോൾ പല അഭിരുചികളും തിരിച്ചറിഞ്ഞവരാണ് നമ്മൾ. പാട്ടും നൃത്തവും ചിത്രംവരയും അങ്ങനെയങ്ങനെ. ഗ്ലാസിലും കുപ്പിയിലും ചുമരിലുമെല്ലാം ചിത്രം വരച്ചു. മുറിയുടെ മൂലകളും ജനലരികുമെല്ലാം പൂന്തോട്ടമായി. പാചക പരീക്ഷണങ്ങൾ വേറെ.
ഇതിനെല്ലാം കുട്ടികളെ കൂടെക്കൂട്ടാം. യൂട്യൂബ് ചാനലുകളിൽ നല്ല ക്ലാസുകളും വിഡിയോകളും കിട്ടും. അവ കുട്ടികളെ കാണിക്കാം. സർഗശേഷി ഉണർത്താനും ഈ സമയം ഉപയോഗപ്പെടുത്താം. സംഗീതോപകരണങ്ങൾ വാങ്ങി നൽകി യൂട്യൂബ് വഴി അവർ പ്രാഥമിക അറിവ് നേടട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.