ഉത്തരവുകളും ചട്ടങ്ങളും കാറ്റിൽപറന്നു; ചലച്ചിത്ര അക്കാദമിയിലെ സാമ്പത്തിക ധൂർത്ത് കോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ധനവകുപ്പിന്റെ ഉത്തരവുകളും സർക്കുലറും കാറ്റിൽപറത്തി ഇഷ്ടക്കാർക്ക് സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ അനധികൃത സ്ഥാനക്കയറ്റവും ശമ്പള ധൂർത്തും. കരാർ അടിസ്ഥാനത്തിൽ പ്യൂൺ തസ്തികയിൽ ജോലിക്ക് കയറിയ ജീവനക്കാരൻ വാങ്ങുന്നത് എൽ.ഡി ക്ലർക്കിന്റെ ശമ്പളം. ഇതിനെതിരെ അക്കാദമിയിലെതന്നെ ഒരുവിഭാഗം ജീവനക്കാർ രംഗത്തെത്തിയതോടെ അനധികൃത ഗ്രേഡ് നിർണയവും ശമ്പള സ്കെയിലും കോടതി കയറുന്നു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ ലെയ്സൺ അസിസ്റ്റന്റ് കെ. ഹരികുമാറിന്റെ തസ്തികമാറ്റവും ശമ്പള പുനഃക്രമീകരണവുമാണ് നിയമപോരാട്ടത്തിലേക്കെത്തിയത്.
2005 സെപ്റ്റംബർ ഒന്നിനാണ് കെ. ഹരികുമാർ ചലച്ചിത്ര അക്കാദമിയിൽ പ്യൂൺ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് കയറിയത്. 2014ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ 10 വർഷത്തെ സേവനം കണക്കാക്കി കെയർ ടേക്കർ തസ്തികയിൽ നിയമനം സ്ഥിരമാക്കി.
ഇതിനു ശേഷം ഹരികുമാർ കെയർ ടേക്കറിൽനിന്ന്, ലെയ്സൺ അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമിക്കും സർക്കാറിനും കത്ത് നൽകി. എന്നാൽ, തസ്തിക പുനർനാമകരണം ചെയ്യുന്നത് ഭാവിയിൽ ഉയർന്ന ശമ്പള സ്കെയിലുകൾ ആവശ്യപ്പെടുന്നതിന് ഇടവരുത്തുമെന്നതിനാൽ നിർദേശം ധനവകുപ്പ് തള്ളി. തസ്തിക പുനർനാമകരണം ചെയ്താൽ മാത്രം മതിയെന്നും ശമ്പളത്തിൽ മാറ്റം ആവശ്യമില്ലെന്നും കാണിച്ച് അക്കാദമി സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 2017ൽ ധനവകുപ്പ് ഹരികുമാറിന്റെ ലെയ്സൺ അസിസ്റ്റന്റ് പദവി അംഗീകരിച്ചു.
തൊട്ടടുത്ത വർഷം ധനവകുപ്പിന്റെ ഉത്തരവുകളെയും സർക്കുലറിനെയും നോക്കുകുത്തിയാക്കി ലെയ്സൺ അസിസ്റ്റന്റ് തസ്തിയിലെ ശമ്പളം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരികുമാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ലെയ്സൺ തസ്തികയിലെ ശമ്പള സ്കെയിൽ അക്കാദമി ഭരണസമിതി അംഗീകരിച്ചു.
2022ൽ സേവന മികവ് കണക്കിലെടുത്ത് ലെയ്സൺ അസിസ്റ്റന്റായിരുന്ന അദ്ദേഹത്തെ എൽ.ഡി ക്ലർക്കിന് തുല്യമായ തസ്തികയുടെ ശമ്പള സ്കെയിലായ 26,500-60,700 രൂപയിലേക്ക് അക്കാദമി ഭരണസമിതി ഉയർത്തി. സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സ്ഥിരംജീവനക്കാരിയും എൽ.ഡി ക്ലർക്കുമായ മേരി നൈനാന് 25,100-57,900 സ്കെയിലാണ് അക്കാദമി നൽകുന്നത്. ഇതിനെതിരെയാണ് മേരി നൈനാൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
11ാം ശമ്പള കമീഷൻ പ്രകാരമുള്ള അനുകൂല്യം തനിക്കും അനുവദിക്കണമെന്നും 2017ൽ ലെയ്സൺ അസിസ്റ്റന്റ് തസ്തികയിൽ സ്ഥിരനിയമനം ലഭിച്ച ഹരികുമാറിന് 2022ൽ എൽ.ഡി ക്ലർക്ക് തസ്തികയിൽ ഹയർഗ്രേഡ് അനുവദിച്ചത് ചട്ടവിരുദ്ധമാണെന്നുമാണ് ആരോപണം. താൻ ചെയ്യുന്ന ജോലി അക്കാദമിക്കും സർക്കാറിനും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എൽ.ഡി ക്ലർക്കിന് തത്തുല്യമായ ശമ്പള സ്കെയിൽ പുനർനിർണയിച്ച് നൽകിയതെന്ന് കെ. ഹരികുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.