നടിക്കെതിരായ ആക്രമണം: കായലില്‍ മുങ്ങിത്തപ്പിയും കാന തിരഞ്ഞും ദൃശ്യത്തിന് അന്വേഷണം തുടരുന്നു
text_fieldsകൊച്ചി: ഒരു മൊബൈല്‍ ഫോണിന് പിന്നാലെ പായുകയാണ് പൊലീസും നാവികസേനയും മാധ്യമങ്ങളും. പൊലീസ് റോഡും കാനയുമെല്ലാം അരിച്ചുപെറുക്കുമ്പോള്‍ നാവികസേന ആഴമേറിയ എറണാകുളം കായലില്‍ മുങ്ങിത്തപ്പുന്നതും ഇതിനുവേണ്ടിതന്നെ. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷിക്കുന്നതും ഈ വെള്ളനിറമുള്ള സാംസങ് മൊബൈല്‍ ഫോണ്‍തന്നെ. നടിയെ ഉപദ്രവിക്കല്‍ കേസ് ഇനി മുന്നോട്ടുപോകണമെങ്കില്‍ ഇത് കിട്ടിയേ തീരൂ.
നടിയെ അങ്കമാലിക്കടുത്ത അത്താണിയില്‍നിന്ന് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രധാന തെളിവ് തേടിയാണ് പൊലീസിന്‍െറ പരക്കംപാച്ചില്‍. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നതിനപ്പുറം, ഈ കേസിന്‍െറ മുഖ്യ തെളിവായ മൊബൈല്‍ കിട്ടിയില്ളെങ്കില്‍ കേസുതന്നെ ദുര്‍ബലമാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് പൊലീസ് ഫോണ്‍ തേടി പായുന്നത്. നടിയെ ഉപദ്രവിച്ച മുഖ്യപ്രതി പള്‍സര്‍ സുനി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇക്കാര്യം നടിയും സുനിയും ഏറ്റുപറഞ്ഞിട്ടുമുണ്ട്. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടുകയായിരുന്നു ലക്ഷ്യമെന്നാണ് സുനിയുടെ വാദം.
എന്നാല്‍, മറ്റാര്‍ക്കോ വേണ്ടിയാണ് ഇത് പകര്‍ത്തിയതെന്ന് ബലമായ സംശയവും ഉയര്‍ന്നിട്ടുണ്ട്. നടിയെ ഉപദ്രവിച്ച സംഭവം പൊലീസ് അറിഞ്ഞെന്ന സൂചന ലഭിച്ചതിനത്തെുടര്‍ന്ന് രക്ഷപ്പെട്ട് ഓടിയ സുനി ഫോണ്‍ എവിടെയോ ഒളിപ്പിച്ചെന്നാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്. രക്ഷപ്പെടുന്നതിനിടെ സുനി സന്ദര്‍ശിച്ച എറണാകുളം ഗിരിനഗറിലെ സുഹൃത്തിന്‍െറ വാടകവീട്, സാമ്പത്തികസഹായം തേടി ചെന്ന ആലപ്പുഴ കാക്കാഴത്തെ സുഹൃത്തിന്‍െറ വീട്, കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞ വീട് എന്നിവിടങ്ങളിലൊക്കെ റെയ്ഡ് നടത്തിക്കഴിഞ്ഞു. ഇവിടങ്ങളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ്, ടാബ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
രക്ഷപ്പെട്ട് ഓടുന്ന വഴി താന്‍ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്ന പ്രതിയുടെ മൊഴിയനുസരിച്ച് പാലാരിവട്ടം ബൈപാസില്‍നിന്ന് തമ്മനത്തേക്കുള്ള റോഡില്‍ സെന്‍റ് ട്രീസാസ് നഗറിലെ അഴുക്കുചാല്‍ മുഴുവന്‍ പൊലീസ് പരിശോധിച്ചു. ഇതിനിടെ, തമ്മനം മുതല്‍ ഗോശ്രീപാലം വരെയുള്ള ഭാഗത്ത് എവിടെയോ ആണ് താന്‍ വലിച്ചെറിഞ്ഞത് എന്നായി ഇയാള്‍.
ഇതനുസരിച്ച് ഈ ഭാഗത്തും പരിശോധന നടന്നു. അതും പൂര്‍ത്തിയായപ്പോഴാണ് ഗോശ്രീ പാലത്തില്‍നിന്ന് എറണാകുളം കായലിലേക്കാണ് വലിച്ചെറിഞ്ഞതെന്ന് വീണ്ടും മൊഴി മാറ്റിയത്. ഏറെ ആഴവും ശക്തമായ ഒഴുക്കുമുള്ള സ്ഥലമാണിവിടം. അതിനാല്‍തന്നെ, പ്രതീക്ഷയൊന്നുമില്ളെങ്കിലും തിരച്ചിലിന് നാവികസേനയുടെ സഹായവും പൊലീസ് തേടി. ഈ തിരച്ചിലും വിഫലമായി. പുതിയ മൊഴിയനുസരിച്ച് വീണ്ടും തിരച്ചിലിന് ഒരുങ്ങുകയാണ് അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.