ചലച്ചിത്ര പുരസ്കാര വിതരണം: വിവാദം അനാവശ്യമെന്ന് മന്ത്രി ബാലൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമെന്ന് മന്ത്രി എ.കെ ബാലൻ. പുരസ്കാര വിതരണം നടത്തിയത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്. പുരസ്കാര ജേതാക്കളിൽ ആരും ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരു വേദിയിൽ പെരുമാറാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
ഓരോ പുരസ്കാരവും വിതരണം ചെയ്യുമ്പോഴും കൈ സാനിറ്റൈസ് ചെയ്യേണ്ടി വരും. അത് പ്രയോഗികമല്ലാത്തത് കൊണ്ടാണ് കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത്. അന്യന് രോഗം പകരണമെന്ന അധമബോധം കാരണമാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിമർശനം ഉന്നയിച്ച സുരേഷ് കുമാറിന് പ്രത്യേക രാഷ്ട്രീയമുണ്ട്. അതണ് ഇത്തരത്തിൽ വിവാദവുമായി അദ്ദേഹം വന്നത്. എന്നാൽ, പ്രതിപക്ഷ നേതാവ് വിവാദം ഏറ്റെടുത്തത് ശരിയായില്ലെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്‍റെ യാത്രയും സ്വീകരണ യോഗങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചല്ല സംഘടിപ്പിക്കുന്നത്. ഒരു യോഗത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇങ്ങനെ പോയാൽ ഓരോ സ്വീകരണ യോഗവും ഓരോ കോവിഡ് ക്ലസ്റ്ററാകുമെന്ന കാര്യത്തിൽ സംശയമില്ല. ഓരോ യോഗവും റെഡ് സോണുകൾ സൃഷ്ടിക്കുമെന്നും മന്ത്രി ബാലൻ ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് വർഗീയത പരത്തുന്നുവെന്ന് മന്ത്രി ബാലൻ ആരോപിച്ചു. പാണക്കാട് തറവാടിനെതിരെ നേതാക്കൾ പരാമർശം നടത്തിയിട്ടില്ല. മുഖ്യമന്ത്രിക്ക് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ട്. അത് തകർക്കാൻ ഗൂഢശ്രമം നടക്കുന്നു. ശബരിമല വിഷയം പഴയ സംഭവമാണെന്നും മന്ത്രി ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.