അങ്കമാലി താലൂക്കാശുപത്രിയിൽ സിനിമ ചിത്രീകരണം; വിവാദമായതോടെ നിർത്തിവച്ചു
text_fieldsഅങ്കമാലി: താലൂക്കാശുപത്രിയിൽ വ്യാഴാഴ്ച ആരംഭിച്ച സിനിമ ചിത്രീകരണം വിവാദമായതോടെ നിർത്തിവച്ചു. ചിത്രീകരണം മൂലം ആശുപത്രിയിലെത്തിയ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആരോഗ്യവകുപ്പിനെതിരെ കേസെടുത്തതിന് പിറകെയാണ് നിർത്തിവച്ചത്.
ഫഹദ് ഫാസിൽ ആൻ്റ് ഫ്രണ്ട്സ് ബാനറിൽ ശ്രീജിത്ത് ബാബു സംവിധാനം നിർവഹിക്കുന്ന ‘പൈങ്കിളി’ എന്ന മലയാള സിനിമക്കായി അങ്കമാലി താലൂക്കാശുപത്രിയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ അത്യാഹിതവിഭാഗം ചിത്രീകരിക്കാൻ ബുധനാഴ്ച ആരോഗ്യവകുപ്പ് ഡയറക്ടർ കെ.വി.നന്ദകുമാർ അനുമതി നൽകിയിരുന്നു. എന്നാൽ, വിവാദമായതോടെ ഉത്തരവ് പിൻവലിക്കുകയും വെള്ളിയാഴ്ചയിലെ ചിത്രീകരണം നിർത്തിവെക്കുകയും ചെയ്തു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിജു കടവൂറിന്‍റെ അപേക്ഷയുടെയും, ജില്ല മെഡിക്കൽ ഓഫീസറുടെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് രാത്രി ഏഴ് മുതൽ പുലർച്ചെ അഞ്ച് വരെയുള്ള സമയങ്ങളിൽ ഒൻപത് നിർദേശങ്ങളോടെ ആരോഗ്യ വകുപ്പ് ഡയറക്ടർ ചിത്രീകരണത്തിന് അനുമതി നൽകിയത്. ആശുപത്രിയിലെ റിസപ്ഷൻ ഹാളും, അത്യാഹിത വിഭാഗം മുറിയുമാണ് അതിനായി ആവശ്യപ്പെട്ടിരുന്നത്. പ്രതിദിന ചിത്രീകരണത്തിന് 10000 രൂപ വീതമാണ് താലൂക്കാശുപത്രി മാനേജ്‌മൻ്റ് കമ്മിറ്റിയിൽ അടച്ചത്.
എന്നാൽ, മഴക്കെടുതിയും, മഴക്കാല രോഗങ്ങളും മൂലം രാത്രിയിലും നിരവധി രോഗികൾ എത്തിയതോടെയാണ് സിനിമയുടെ ചിത്രീകരണം പലർക്കും തടസമാവുകയും തുടർന്ന് പരാതിയും ഉയർന്നത്. അതേസമയം, സിനിമ ചിത്രീകരണത്തിന് വേണ്ടി ആശുപത്രിയിലെത്തിയ രോഗികൾക്ക് ചികിത്സ നിഷേധിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ.ജെ.ഇളന്തട്ട് പറഞ്ഞു.
ആറു മാസം മുമ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്ത പുതിയ കാഷ്വാലിറ്റിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശങ്ങൾ പൂർണമായി പാലിച്ചാണ് ചിത്രീകരണം അനുവദിച്ചത്. ചിത്രീകരണം സംബന്ധിച്ച വിശദവിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറെയും, ജില്ല മെഡിക്കൽ ഓഫീസറെയും അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
താലൂക്കാശുപത്രി നഗരസഭയുടെ അധികാരപരിധിയിലാണെങ്കിലും നഗരസഭയുടെ അറിവോടെയോ ശിപാർശയോടെയോ അല്ല സിനിമ ചിത്രീകരണം നടന്നതെന്ന് അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ് പറഞ്ഞു. പുതിയ കാഷ്വാലിറ്റി തുറന്നതോടെ ആശുപത്രിക്ക് മുന്നിൽ അനധികൃത വാഹന പാർക്കിങ് ഒഴിവാക്കാൻ ആറ് മാസം മുമ്പാണ് റിബൺ വലിച്ച് കെട്ടി നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ സിനിമ ചിത്രീകരണത്തിന് വേണ്ടി റിബൺ വലിച്ച് കെട്ടി അത്യാഹിത വിഭാഗത്തിലേക്കെത്തുന്ന വാഹനങ്ങൾ തടഞ്ഞുവെന്ന ചിലരുടെ ബോധപൂർവ്വമായ പ്രചാരണമാണ് വിവാദമുണ്ടാക്കിയതെന്നും ചെയർമാൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.