സിനിമാഷൂട്ടിങ് നാളെ തുടങ്ങും; മാർഗരേഖ പുറത്തിറങ്ങി
text_fieldsതിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന സിനിമ ഷൂട്ടിംഗ് നാളെ മുതൽ വീണ്ടും തുടങ്ങും. സിനിമ ചിത്രീകരണത്തിനായുള്ള മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒ.ടി.ടി പ്ലാറ്റ്ഫോം ഉൾപ്പെടെ എല്ലാ മേഖലക്കും ഈ മാർഗ രേഖ ബാധകമായിരിക്കും.
സിനിമ ചിത്രീകരണസംഘത്തിൽ 50 പേർ മാത്രമേ പങ്കെടുക്കാവൂ. സിനിമാ സംഘത്തിലുള്ളവർ ലൊക്കേഷനിൽ നിന്ന് പുറത്ത് പോകാൻ പാടില്ല. ലൊക്കേഷനിലെത്തുന്ന സന്ദർശകർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമ ചിത്രീകരിക്കുന്നവർ സംഘടനകൾക്ക് സത്യവാങ്മൂലം നൽകണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.
ഷൂട്ടിംഗിൽ പങ്കെടുക്കുന്നതിന് നാൽപത്തിയെട്ട് മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധന ഫലം, രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ വിശദാംശങ്ങൾ എന്നിവ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക എന്നിവയിലേക്ക് മെയിൽ ആയി അയയ്ക്കണം. ആർ.ടി.പി.സി.ആർ നടത്തുന്ന ഐ.സി.എം.ആർ അംഗീകാരമുള്ള മൊബൈൽ ലാബുമായി പ്രൊഡ്യൂസർ നേരിട്ട് കരാറിൽ ഏർപ്പെടേണ്ടതും ഓരോ ക്രൂ മെമ്പറിന്റെയും ടെസ്റ്റ് റിസൾട്ട് നിജസ്ഥിതി ഉറപ്പ് വരുത്തി പ്രൊഡ്യൂസറിന്റെയും പ്രൊഡക്ഷൻ കൺട്രോളറിന്‍റേയും ഇ-മെയിലിൽ ലഭ്യമാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
സെറ്റിൽ രാവിലെ തന്നെ ഓരോ അംഗത്തിന്റെയും ശരീരോഷ്മാവ് പരിശോധിച്ച് ലോഗ് ബുക്കിൽ രേഖപ്പെടുത്തണം. പ്രൊഡക്ഷൻ അസിസ്റ്റന്റ്, മേക്കപ്പ് വിഭാഗം, കോസ്റ്റ്യൂം വിഭാഗം എന്നിവർ ജോലി സമയത്ത് കൈയുറകളും മാസ്‌കും ധരിക്കണം. സെറ്റിലെ ഓരോ അംഗത്തിനും ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം. കഴിയുന്നതും പേപ്പർ ഗ്ലാസുകളും, പ്ലേറ്റുകളും ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.