സ്കൂൾ തുറക്കാനുള്ള അന്തിമ മാർഗരേഖ പുറത്തിറക്കി; ആറ് ദിവസം അധ്യയനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ സർക്കാർ പുറത്തിറക്കി. 'തിരികെ സ്കൂളിലേക്ക്' എന്ന പേരിലാണ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. പൊതുനിർദേശങ്ങളടക്കം എട്ട് ഭാഗങ്ങളുള്ള മാർഗരേഖയാണ് നിലവിൽ വരിക. ആറ് വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പിലാക്കും. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകൾക്കാവും പ്രധാന ചുമതലയുണ്ടാവുക. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണ ജോർജും ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്.
രക്ഷിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ വിദ്യാർഥികൾ സ്കൂളിൽ വന്നാൽ മതിയാകും. എല്ലാവരും സ്കൂളിൽ എത്തണമെന്ന് നിർബന്ധമില്ല.പൊതു അവധി ദിനങ്ങളല്ലാത്ത ശനിയാഴ്ചകളിലും സ്കൂൾ പ്രവർത്തിക്കും. ആദ്യത്തെ രണ്ടാഴ്ച ഉച്ചവരെ മാത്രമായിരിക്കും ക്ലാസുണ്ടാവുക. സ്കൂളുകളിലെ സാഹചര്യം പരിഗണിച്ചാവും വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുക. വിദ്യാർഥികൾക്ക് മാത്രമായി കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ഓട്ടോകളിൽ പരമാവധി മൂന്ന് വിദ്യാർഥികൾക്കാവും സഞ്ചരിക്കാൻ സാധിക്കുക. വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമല്ല. സ്കൂൾ അസംബ്ലികൾ തൽക്കാലമുണ്ടാവില്ല.
ഡോക്ടർമാരുടെ സേവനം സ്കൂളുകളിൽ ഉറപ്പാക്കാൻ ശ്രദ്ധിക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശനോത്സവം നടത്താനാണ് ശ്രമം.സ്കൂളുകളിലെത്തുന്ന അധ്യാപക-അനധ്യാപക ജീവനക്കാർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. സ്കൂൾ ബസിലെ ജീവനക്കാർക്കും ഈ നിബന്ധന ബാധകമാണ്. കുട്ടികൾ കൂട്ടം കൂടുന്നില്ലെന്ന് അധ്യാപകർ ഉറപ്പാക്കണമെന്ന് മാർഗരേഖയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.