മലയാളിയുടെ പൊന്നമ്മക്ക് യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ
text_fieldsകൊച്ചി: മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത് ആയിരക്കണക്കിനു പേർ. കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനം തുടരുകയാണ്. ഉച്ചയ്ക്ക് 12 മണിവരെ ഇവിടെ പൊതുദർശനം തുടരും. അതിനുശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാലുമണി വരെ അവിടെ പൊതുദർശനമുണ്ടാകും. അതിനു ശേഷമാകും സംസ്ഥാന ബഹുമതികളോടെ മൃതദേഹം സംസ്കരിക്കുക. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുൾപ്പെടെ കവിയൂർ പൊന്നമ്മക്ക് ആദരമർപ്പിക്കാൻ എത്തിയിട്ടുണ്ട്.
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ കളമശ്ശേരിയിലെത്തി. കാൻസർ രോഗ ബാധിതയായിരുന്ന കവിയൂർ പൊന്നമ്മയുടെ അന്ത്യം വെള്ളിയാഴ്ച വൈകിട്ട് 5.30ന് ലിസി ആശുപത്രിയിലായിരുന്നു. വിയോഗം അറിഞ്ഞു മലയാള സിനിമ മേഖലയിലെ ഏറെപ്പേർ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഇന്നലെ വൈകിട്ടുതന്നെ എത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ദിലീപ്, നടിമാരായ മഞ്ജു പിള്ള, ജോമോൾ, സരയൂ, സംവിധായകരായ സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, നടൻ ചേർത്തല ജയൻ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലിയർപ്പിച്ചു.
കരുമാലൂരിൽ പെരിയാറിന്റെ തീരത്തെ ‘ശ്രീപീഠം’ വീട്ടുവളപ്പിലാണ് സംസ്കാരം. മൂന്നര പതിറ്റാണ്ടു കാലത്തെ ചെന്നൈ ജീവിതത്തിനു ശേഷം ശാന്തമായി ജീവിക്കാനാണു കവിയൂർ പൊന്നമ്മ കരുമാലൂരിൽ പെരിയാറിന്റെ തീരത്തു വീടു നിർമിച്ചത്. പ്രളയസമയത്തു കുറച്ചു ദിവസം മാറി നിന്നതൊഴിച്ചാൽ വിശ്രമജീവിതം പൂർണമായി കരുമാലൂർ പുറപ്പിള്ളിക്കാവിലെ വീട്ടിലായിരുന്നു. കിഴക്കേ കടുങ്ങല്ലൂരിൽ താമസിക്കുന്ന ഇളയ സഹോദരനും കുടുംബവുമാണ് സുഖമില്ലാതിരുന്ന സമയത്തെല്ലാം ശുശ്രൂഷിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.