ഒടുവിൽ ലിജോയെത്തി; പപ്പയും മമ്മിയും വീടുമില്ലാത്ത മണ്ണിൽ
text_fieldsചൂരൽമല: ഒരു പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങിയ മണ്ണിലേക്ക് എട്ടാംനാൾ തിരികെ വരുമ്പോൾ ഹൃദയം പിളർക്കുന്ന വേദനയായിരുന്നു ലിജോ ജോസഫിന് കൂട്ട്. ആഘോഷത്തിന് അരങ്ങായ വീടും ആഹ്ലാദങ്ങൾക്ക് മധുരംപകർന്ന പ്രിയപ്പെട്ട മാതാപിതാക്കളും ആ മണ്ണിൽനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരായിരുന്നു.
മകൻ എഡ്‍വിന്റെ മൂന്നാം പിറന്നാളിന് വീട്ടിലെത്തിയശേഷം പപ്പക്കും മമ്മിക്കുമൊപ്പം രണ്ടുദിവസം ചെലവഴിച്ചാണ് ലിജോ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. എന്നാൽ, ആ സന്തോഷങ്ങൾക്ക് ഒരു രാപ്പകലിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ദുരന്തത്തിൽ മാതാപിതാക്കളെ കാണാതായെന്ന വാർത്തയാണ് ആ 33കാരനെ തേടിയെത്തിയത്.
ഉരുൾപൊട്ടലിന്റെ ബാക്കിപത്രമായ കല്ലും മരങ്ങളും ചെളിയും നിറഞ്ഞ് വഴിമുടക്കിയപ്പോൾ പിറന്ന വീടിന്റെ അവസ്ഥയെന്തെന്നറിയാനും മാതാപിതാക്കളുടെ മൃതദേഹമെങ്കിലും തേടാനും ലിജോക്ക് വീട്ടിലെത്താനായത് ഇന്നലെ മാത്രം.
ചൂരൽമല തേക്കിലക്കാട്ടിൽ കർഷകരായ ടി.ജെ. ജോസഫ് (ജോയ്-59)-ലീലാമ്മ (58) ദമ്പതികളുടെ ഇളയമകനാണ് ലിജോ. ലിറ്റിയും ലിജിയും മൂത്ത സഹോദരിമാർ. ഇരുവരും വിവാഹശേഷം ഭർത്തൃവീട്ടിലാണ്. ഹാരിസൺ മലയാളം ലിമിറ്റഡ് ഓഫിസിലെ ജീവനക്കാരനായ ലിജോ ഭാര്യക്കും മകനുമൊപ്പം ചുണ്ടേലിലാണ് താമസം. എല്ലാ ശനിയാഴ്ചയും ചൂരൽമലയിലെ വീട്ടിലെത്തി അച്ഛനും അമ്മക്കുമൊപ്പം കഴിഞ്ഞ് ഞായറാഴ്ച മടങ്ങുകയാണ് പതിവ്. ഉരുൾപൊട്ടലുണ്ടായ ജൂലൈ 30നു മൂന്ന് ദിവസം മുമ്പുള്ള ശനിയാഴ്ച മകന്റെ പിറന്നാൾ ആഘോഷത്തിനായി വീട്ടിലെത്തി. കേക്കുമുറിച്ചും വിശിഷ്ട ഭക്ഷണമൊരുക്കിയും പേരക്കുട്ടിയുടെ പിറന്നാളാഘോഷം ഗംഭീരമാക്കി.
അടുത്താഴ്ച വീണ്ടും കാണാമെന്ന് പറഞ്ഞ് ഞായറാഴ്ച വൈകീട്ട് ലിജോ മടങ്ങി. ചൊവ്വാഴ്ച രാത്രി കനത്ത മഴക്കിടെയാണ് അവസാനം വിളിച്ചത്. പുഴയിൽ ജലനിരപ്പുയർന്നാൽ അയൽവാസി ഉസ്മാന്റെ വീട്ടിലേക്ക് കയറാൻ നിർദേശിച്ചാണ് ലിജോ ഉറങ്ങാൻ കിടന്നത്.
നേരം പുലർന്നപ്പോഴാണ് ദുരന്ത വിവരമറിഞ്ഞത്. വീട്ടിലേക്ക് പോകാൻ കഴിയാതിരുന്നതോടെ മാതാപിതാക്കളെ തേടി ദുരിതാശ്വാസ ക്യാമ്പുകളിലും തൊട്ടടുത്ത പള്ളിയിലും വീടുകളിലുമെല്ലാം അലഞ്ഞു. ഇതിനിടെ, മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളും നൽകി. വീട്ടിലേക്ക് പലതവണ വരാൻ ശ്രമിച്ചെങ്കിലും നടക്കാതെ തിരിച്ചുപോയി.
പിറന്നുവീണ വീട്ടിലേക്ക് ഒടുവിൽ ലിജോയെത്തുമ്പോൾ ദിവസങ്ങൾക്ക് മുമ്പ് മുറ്റത്തുപാകിയ ഇന്റർലോക്ക് കട്ടകൾ പോലും ബാക്കിയുണ്ടായിരുന്നില്ല. മുട്ടിലിഴഞ്ഞുനടന്ന തറയുടെ അടയാളം പോലുമില്ല. വീടിരുന്ന മണ്ണിൽ ഉള്ളുപൊട്ടി ലിജോ ഏറെ നേരം ഇരുന്നു. പൊടുന്നനെയാണ്, മുകളിലെ പറമ്പിൽ അനാഥമായി കിടക്കുന്ന വീടിന്റെ ഗേറ്റിൽ ലിജോയുടെ കണ്ണുടക്കിയത്. പിന്നെ അങ്ങോട്ടേക്ക് ഓടി പപ്പയെയും മമ്മിയെയും തിരഞ്ഞു. തിരച്ചിൽ നടത്തുന്ന മണ്ണുമാന്തിയന്ത്രക്കാരനോട് ആ ഭാഗത്ത് തിരയാൻ നിർദേശിച്ചു. ശ്മശാന മൂകത തളംകെട്ടിനിന്ന മണ്ണിൽ മണിക്കൂറോളം പ്രിയപ്പെട്ടവരെയും തേടി ലിജോ തിരഞ്ഞു. നാളെ വീണ്ടും തിരയാമെന്ന ഉറപ്പിൽ ലിജോ വീട്ടിൽനിന്നിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.