പത്രപരസ്യം നൽകി കാത്തിരുന്നു, തേടുന്നയാളെ കണ്ടെത്തി; മകൻ ഇനി ഉപ്പയുടെ കടം വീട്ടും...
text_fieldsകൊല്ലം: പിതാവിന്റെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള കടം വീട്ടാൻ പത്രപരസ്യം നൽകി കാത്തിരുന്ന മകന്റെ അന്വേഷണം ലക്ഷ്യത്തിലെത്തി. വാട്സ്ആപ്പിൽ ആദ്യം കിട്ടിയ ചിത്രങ്ങളിലൊന്ന് പിതാവിന്റെ സുഹൃത്ത് ലൂഷ്യസിന്റേതാണെന്ന് ഉറപ്പാക്കിയ മകൻ കുടുംബാംഗങ്ങളെ നേരിൽ കണ്ട് സംസാരിച്ചു. പെരുമാതുറ മാടൻവിള പുളിമൂട്ടിൽ അബ്ദുല്ലയുടെ (ഹബീബുല്ല) രണ്ടാമത്തെ മകൻ നാസറാണ് പിതാവ് വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽവെച്ച് വാങ്ങിയ കടം വീട്ടാൻ പത്രപരസ്യം നൽകിയത്.
ലൂഷ്യസിന്റെ കുടുംബം പരവൂർ തെക്കുംഭാഗത്തുണ്ടെന്ന് മനസ്സിലാക്കിയ നാസർ ഞായറാഴ്ച അവിടെയെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. നാസറിനെ നിറഞ്ഞ സ്നേഹത്തോടെയാണ് അവർ വരവേറ്റത്.
സ്നേഹാന്വേഷണം പങ്കുവെച്ച് പിരിഞ്ഞ നാസർ വരുംദിവസം പിതാവ് വാങ്ങിയ കടം കുടുംബത്തിന് കൈമാറും. മൂന്നുവർഷം മുമ്പ് ലൂഷ്യസ് മരിച്ചു. പണം വേണ്ടെന്ന് ലൂഷ്യസിന്റെ കുടുംബം സ്നേഹത്തോടെ പറഞ്ഞെങ്കിലും വീട്ടേണ്ടത് കടമയാണെന്ന് നാസർ മറുപടി നൽകി. 1978-80 കാലത്ത് ദുബൈയിൽവെച്ചാണ് ലൂഷ്യസ് അബ്ദുല്ലയെ പണം നൽകി സഹായിച്ചത്. കടം വീട്ടാൻ കാത്തിരുന്ന അബ്ദുല്ല കഴിഞ്ഞമാസം 23ന് മരിച്ചു. മക്കളോട് വിവരം നേരത്തേ പറഞ്ഞിരുന്നു.
തുടർന്ന് നാസർ നൽകിയ പത്രപരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലൂഷ്യസിന്റെ കുടുംബം ആദ്യം അയച്ച ചിത്രം പുതിയതായതിനാൽ തിരിച്ചറിയാൻ വൈകി.
സഹോദരൻ ബേബിയുടെ മകൾ ലൂഷ്യസിന്റെ പഴയ ചിത്രം അയച്ചതോടെയാണ് അന്വേഷണം പരിസമാപ്തിയിലെത്തിയത്. പിതാവിനൊപ്പം നാട്ടിലും ഗൾഫിലും ജോലി ചെയ്തിരുന്ന പെരുങ്കുഴി സ്വദേശി റഷീദിനെ കാണിച്ചാണ് ഫോട്ടോ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.