ഒടുവിൽ ജി.എസ്.ടിയിൽ ഓഡിറ്റ് നടപടികൾക്ക് തുടക്കം
text_fieldsതൃശൂർ: ഒടുവിൽ ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പിൽ ഓഡിറ്റ് നടപടികൾക്ക് പ്രാഥമിക തുടക്കംകുറിച്ചു. പുനഃസംഘടന കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും ഓഡിറ്റ് നടപടികള്‍ തുടങ്ങാത്തത് സംബന്ധിച്ച വാർത്ത ‘മാധ്യമം’ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത വന്നതിന് പിന്നാലെ ഓൺലൈനിൽ യോഗം ചേർന്ന് ജി.എസ്.ടി ഓഡിറ്റ് വിഭാഗത്തിന് പരിശീലനം നൽകുന്നതിന് മാസ്റ്റർ ട്രെയിനേഴ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു. 50 ദിവസം നീളുന്ന ഇൻ ഹൗസ് ട്രെയിനിങ് മേയ് ആദ്യവാരം തുടങ്ങാനാണ് തീരുമാനം.
14 ജില്ലകളിൽനിന്നായി 79 മാസ്റ്റർ ട്രെയിനേഴ്സിന് രണ്ട് ബാച്ചിലായി പരിശീലനം നടത്താനാണ് നീക്കം. ഇവർ ഓഡിറ്റ് വിഭാഗത്തിലെ ബാക്കി ജീവനക്കാർക്ക് മേഖലാടിസ്ഥാനത്തിൽ പരിശീലനം നൽകും. ഇതനുസരിച്ച് എഴുനൂേറാളം ജീവനക്കാർക്ക് പരിശീലനം നൽകാൻ മൂന്നോ നാലോ മാസം വേണ്ടിവരും.
കഴിഞ്ഞ മൂന്ന് മാസത്തെപോലെ വരുന്ന നാല് മാസവും പരിശീലനത്തിന്റെ പേരിൽ ഒരുജോലിയും ചെയ്യാതെ ഈ വിഭാഗത്തിന് വേതനം വാങ്ങാം. അതേസമയം തിരഞ്ഞെടുത്ത ഫയലുകളിൽ പരിശീലനത്തോടൊപ്പം ഓഡിറ്റ് നടപടികൾകൂടി തുടങ്ങുകയാണെങ്കിൽ പരിശീലനം അർഥപൂർണമാവും.
നികുതി പിരിവിലെ കെടുകാര്യസ്ഥത മൂലം കാലിയായ സംസ്ഥാന ഖജനാവിന് നേരിയ ആശ്വാസവും ലഭിക്കും. ജോലി ചെയ്യാന്‍ മതിയായ സൗകര്യങ്ങളുള്ള ഓഫിസ് കെട്ടിടവും കമ്പ്യൂട്ടറുകളും സജ്ജമാക്കുകയും വേണം. കഴിഞ്ഞ ജനുവരി 10നാണ് സംസ്ഥാന സര്‍ക്കാര്‍ ജി.എസ്.ടി വകുപ്പ് പുനഃസംഘടിപ്പിച്ചത്.
പരിശീലനത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പിടിപ്പുകേടും ദുര്‍വാശിയും കാരണമാണ് ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവാതെ പോയത്. കാര്യക്ഷമമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതും പ്രശ്നം സങ്കീർണമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.