ഒടുവിൽ സഭ കൈവിട്ടു; പടിയിറങ്ങി ഫ്രാങ്കോ
text_fieldsകോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കുറ്റമുക്തനാക്കിയതിനെതിരായ അപ്പീൽ ഹൈകോടതിയുടെ പരിഗണനയിലിരിക്കെ, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പടിയിറക്കം. വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറും കന്യാസ്ത്രീയുമാണ് ഹൈകോടതിയിൽ അപ്പീൽ നൽകിയത്. പ്രോസിക്യൂഷൻ തെളിവുകൾ വിചാരണക്കോടതി വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്ന് കാട്ടിയാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ 2020 ജനുവരി 14നാണ് ബിഷപ് ഫ്രാങ്കോയെ വെറുതെവിട്ട് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. ഈ വിധി വന്ന് ഒന്നരവർഷം പിന്നിടുമ്പോഴാണ് വത്തിക്കാൻ ഇടപെടലിലൂടെ രൂപത ഭരണത്തിൽനിന്ന് ഫ്രാങ്കോ മുളയ്ക്കൽ പുറത്താകുന്നത്. ജലന്ധർ രൂപതയുടെ കീഴിൽ കോട്ടയം കുറവിലങ്ങാട്ട് പ്രവർത്തിക്കുന്ന മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെ കാലയളവില്‍ 13 തവണ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.
2017 ജൂണ്‍ 27നാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇതിൽ കുറവിലങ്ങാട് പൊലീസ് കേസെടുക്കുകയും അന്വേഷണച്ചുമതല വൈക്കം ഡിവൈ.എസ്.പിയായിരുന്ന കെ. സുഭാഷിന് കൈമാറുകയും ചെയ്തു. നിരവധി പേരുടെ മൊഴിയും രേഖപ്പെടുത്തിയെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും തുടർ നടപടിയുണ്ടായില്ല. ഇതിനിടെ, കേസിൽനിന്ന് പിന്മാറാൻ അഞ്ചുകോടി വാഗ്ദാനം ലഭിച്ചെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ പൊലീസ് വീണ്ടും ഉണർന്നു.
2018 ആഗസ്റ്റ് പത്തിന് ജലന്ധറിലെത്തിയ അന്വേഷണസംഘം 13ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തു. ഇതിനുശേഷവും അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ 2018 സെപ്റ്റംബർ എട്ടിന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് അഞ്ച് കന്യാസ്ത്രീകൾ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു. ഭരണ-സഭാ നേതൃത്വങ്ങളെ ഞെട്ടിച്ച സമരത്തിന് വൻ പിന്തുണയാണ് ലഭിച്ചത്. ഇതോടെ സെപ്റ്റംബര്‍ 12ന് പൊലീസ് ബിഷപ്പിന് നോട്ടീസ് നല്കി.
പിന്നാലെ ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയുടെ ചുമതലകള്‍ കൈമാറി കൊച്ചിയിലെത്തി ചോദ്യം ചെയ്യലിന് ഹാജരായി. ഇതിനുപിന്നാലെ അദ്ദേഹത്തെ സഭാ ചുമതലകളിൽനിന്ന് നീക്കി. മൂന്നുദിവസം നീണ്ട ചോദ്യം ചെയ്യലുകൾക്കുശേഷം 2018 സെപ്റ്റംബര്‍ 21ന് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലാ കോടതിയില്‍ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാന്‍ഡ് ചെയ്തു.
5968ാം നമ്പര്‍ തടവുകാരനായി ഫ്രാങ്കോയെ പാലാ ജയിലിലടച്ചു. രണ്ടാഴ്ചയിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15ന് ഹൈകോടതി ജാമ്യവും അനുവദിച്ചു. തുടർന്ന്, വിചാരണ ആരംഭിച്ചെങ്കിലും കേസ് നീട്ടിക്കൊണ്ടുപോകാനും നിരന്തര ശ്രമങ്ങളുണ്ടായി. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ആകെ 83 സാക്ഷികളിൽ 39 പേരെ വിചാരണക്കിടെ വിസ്തരിച്ചിരുന്നു. ഒടുവിൽ 2020 ജനുവരി 14ന് 105 ദിവസത്തെ വിസ്താരത്തിനുശേഷമായിരുന്നു ‘വെറുതെ വിടുന്നു’ എന്ന ഒറ്റവരി വിധി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറായിരുന്നു വിധി പറഞ്ഞത്.
പ്രതികരിക്കാനില്ലെന്ന് സിസ്റ്റർ അനുപമ
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് സിസ്റ്റർ അനുപമ. രാജി വാർത്ത അറിഞ്ഞു. ഇപ്പോഴൊന്നും പറയാനില്ലെന്നും അവർ പറഞ്ഞു.
ബിഷപ്പിനെതിരെ പരാതി നൽകിയ മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീക്ക് പിന്തുണയുമായി ആദ്യം മുതൽ ഉറച്ചുനിന്നത് അനുപമയായിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേതൃത്വം നൽകിയതും അനുപമയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.