ഒടുവിൽ സർക്കാർ വഴങ്ങി; പി.ബി. അനിതയെ കോഴിക്കോട് തന്നെ നിയമിക്കും
text_fieldsകോഴിക്കോട്: അതിജീവിതക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പി.ബി. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ നിയമിക്കാൻ സർക്കാർ തീരുമാനം. കോടതി നിർദേശ പ്രകാരം തുടർ നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
അതിജീവിതക്കൊപ്പം നിന്ന നഴ്‌സിങ് ഓഫിസറെ സ്ഥലംമാറ്റുന്ന നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി പി.ബി. അനിത കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിൽ സമരത്തിലായിരുന്നു. അതേസമയം, നിയമന കത്ത് കിട്ടിയാലേ സമരം നിർത്തൂവെന്ന് പി.ബി. അനിത മാധ്യമങ്ങളോട് പറഞ്ഞു.
അനിതക്ക് പിന്തുണ പ്രഖ്യാപിച്ച് അതിജീവിതയും കഴിഞ്ഞ ദിവസം സമര പരിപാടിയിൽ പങ്കെടുത്തു. കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് അനിതയെ സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിതയെ കോഴിക്കോട് തന്നെ നിയമിക്കാനുള്ള സർക്കാർ തീരുമാനം.
ഹൈകോടതി വിധി ഉണ്ടായിട്ടും പുനർനിയമനം നൽകാത്തതിനെതിരെ കോടതിയലക്ഷ്യത്തിന് അനിത ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി ഉത്തരവുണ്ടെങ്കിലും അനിതയെ സ്ഥലംമാറ്റിയത് സർക്കാർ ആയതിനാൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ പുനർനിയമനം നൽകാൻ കഴിയൂ എന്നാണ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ നിലപാട്.
ഏപ്രില്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാന്‍ വന്ന അനിതയോട് പുനര്‍നിയമനം സംബന്ധിച്ച്, ഡി.എം.ഇയുടെ നിര്‍ദേശം കിട്ടിയിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വിശദീകരണം. ഇതോടെയാണ് അനിത മെഡിക്കല്‍ കോളജിന് മുന്നില്‍ ഉപവാസ സമരം തുടങ്ങിയത്.
അതേസമയം, മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസില്‍ അതിജീവിതക്കൊപ്പം നിന്ന പി.ബി. അനിതയെ കുറ്റപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചത്. അനിതക്ക് സൂപ്പർവൈസറി ലാപ്സ് ഉണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്.
ജോലി സംബന്ധമായ വീഴ്ച സംഭവിച്ച ആളുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിജീവിതക്ക് നീതി ഉറപ്പാക്കാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്.
നഴ്‌സിങ് ഓഫിസർക്കുണ്ടായ വീഴ്ച ഹൈകോടതിയെ ബോധ്യപ്പെടുത്തും. അതിനുശേഷം കോടതി പറയുന്നതുപോലെ നടപടി സ്വീകരിക്കും. അതിജീവിതക്കൊപ്പമാണ് സർക്കാറെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും വീണാ ജോർജ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.