സോളാറിന് വൈദ്യുതി തീരുവ ഒഴിവാക്കി, കുടുംബ കോടതികളിൽ നിരക്കിൽ ഇളവ്; ധനകാര്യ ബിൽ പാസാക്കി
text_fieldsതിരുവനന്തപുരം: സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നവർക്കുള്ള തീരുവ വർധിപ്പിച്ച നടപടിയിൽനിന്ന് സോളാർ സ്ഥാപിച്ചവരെ ഒഴിവാക്കി കേരള ധനകാര്യ ബിൽ നിയമസഭ പാസാക്കി. ഇക്കഴിഞ്ഞ ബജറ്റിലാണ് സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവ 1.2 പൈസ എന്നത് 15 പൈസായി വർധിപ്പിച്ചത്. ഇതിലൂടെ 24 കോടി വരുമാനം സമാഹരിക്കാനാകുമെന്നായിരുന്നു ധനവകുപ്പ് പ്രതീക്ഷ.
എന്നാൽ, സോളാർ പാനലുകൾ സ്ഥാപിച്ചവർക്കും ഇതു ബാധമാകുമെന്നും പ്രോത്സാഹിപ്പിക്കേണ്ട ഇത്തരം സംരംഭങ്ങൾ തീരുവ വർധന തിരിച്ചടിയാകുമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. കുടുംബകോടതിയിൽ വരുന്ന സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച കോർട്ട് ഫീ സ്റ്റാമ്പ് നിരക്കിൽ ഇളവ് വരുത്തി. താമസത്തിനുള്ള വീട് ഒഴിവാക്കിയുള്ള വസ്തുവകകളായിരിക്കും വ്യവഹാരത്തിനായി പരിഗണിക്കുക.
അപ്പീൽ വ്യവഹാരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വരെ 100 രൂപ, അഞ്ചു ലക്ഷത്തിന് മുകളിൽ 20 ലക്ഷം വരെ 250 രൂപ, 20 മുതൽ 50 ലക്ഷം വരെ 500 രൂപ, 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ 1000 രൂപ, ഒരു കോടി രൂപക്ക് മുകളിൽ 2500 രൂപ എന്നിങ്ങനെ പുതുക്കി നിശ്ചയിച്ചു.
ചെക്ക് കേസുകളിലെ കോർട്ട് ഫീ ഇങ്ങനെ:
ചെക്ക് കേസുകളിൽ 50,000 രൂപ വരെയുള്ള വ്യവഹാരങ്ങൾക്ക് 250 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒടുക്കണം. 50,000 മുതൽ രണ്ടു ലക്ഷം രൂപ വരെ 500 രൂപയും, രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ 750 രൂപയും, അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ 1000 രൂപയും, 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ 2000 രൂപയും, 20 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ 5000 രൂപയും, 50 ലക്ഷത്തിന് മുകളിൽ 10,000 രൂപയും കോർട്ട് ഫീസ് ഒടുക്കണം. അപ്പീലിൽ, വെറുതെ വിടുന്ന ബില്ലുകളിൽ രണ്ടു ലക്ഷം രൂപ വരെ 500 രൂപയും രണ്ടു ലക്ഷത്തിന് മുകളിൽ 1000 രൂപയും ഒടുക്കിയാൽ മതി.
പാട്ടക്കരാറുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി
പാട്ടക്കരാറുകൾക്ക് ഒരു വർഷത്തിൽ താഴെ കാലാവധിക്ക് 500 രൂപയും, ഒരു വർഷത്തിന് മുകളിൽ അഞ്ചു വർഷം വരെ വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം (കുറഞ്ഞത് 500 രൂപ), അഞ്ചു വർഷം മുതൽ 10 വർഷം വരെ കരാറുകൾക്ക് 20 ശതമാനം (കുറഞ്ഞത് 1000 രൂപ) 10 വർഷം മുതൽ 20 വർഷം വരെ കരാറുകൾക്ക് 35 ശതമാനം (മിനിമം 2000 രൂപ) 20 വർഷത്തിന് മുകളിൽ 30 വർഷം വരെ 60 ശതമാനം, 30 വർഷത്തിന് മുകളിൽ 90 ശതമാനം എന്നിങ്ങനെ സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.