ധന കമീഷൻ ഇന്ന് കേരളത്തിൽ; പോരായ്മകൾ ചൂണ്ടിക്കാട്ടാൻ ശ്രമിക്കും, മേഖലകൾ തിരിച്ചുള്ള നിവേദനം സമർപ്പിക്കാനൊരുങ്ങി സർക്കാർ
text_fieldsതിരുവനന്തപുരം: 16ാം ധനകമീഷൻ ചെയർമാനും അംഗങ്ങളും അടങ്ങിയ സംഘം ഇന്ന് കേരളത്തിലെത്തും. നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ കമീഷൻ റിപ്പോർട്ട് തയാറാക്കുന്നതിനായി നടത്തുന്ന പഠനയാത്രകളുടെ ഭാഗമായാണ് മൂന്നുദിവസത്തെ കേരള സന്ദർശനം. ഞായറാഴ്ച ഉച്ചക്ക് കൊച്ചിയിലെത്തുന്ന സംഘം തുടർന്ന് കുമരകത്തേക്ക് യാത്രതിരിക്കും. തിങ്കളാഴ്ച രാവിലെ തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകൾ സന്ദർശിക്കും. വൈകീട്ട് കോവളത്തെത്തും. ചൊവ്വാഴ്ച രാവിലെ കോവളം ലീല ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിക്കും. തുടർന്ന് മന്ത്രിസഭാംഗങ്ങളുമായി ചർച്ച.
കമീഷൻ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിക്കാനും, അർഹതപ്പെട്ട അവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ മുന്നൊരുക്കങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 2026 ഏപ്രിൽ ഒന്നുമുതലാണ് കമീഷന്റെ ശിപാർശ പ്രകാരമുള്ള ധനവിഹിതം കേരളത്തിനും ലഭ്യമായിത്തുടങ്ങുക.
കേന്ദ്ര വിഹിതത്തിൽ അസന്തുലിവാസ്ഥ നേരിടുന്ന സാഹചര്യത്തിൽ 16ാം ധന കമീഷനിൽ ഏറെ പ്രതീക്ഷയാണ് കേരളത്തിനുള്ളത്. മേഖലകൾ തിരിച്ചുള്ള നിവേദനം സമർപ്പിക്കാനും 15ാം കമീഷൻ സമീപനങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടാനുമാണ് സംസ്ഥാനം ശ്രമിക്കുക. പത്താം ധന കമീഷൻ ശിപാർശപ്രകാരം കേരളത്തിന് 3.8 ശതമാനം നികുതിവിഹിതമുണ്ടായിരുന്നത് 15ാം കമീഷൻ ശിപാർശകളോടെ 1.9 ശതമാനമായി ചുരുങ്ങിയിരുന്നു. 28 സംസ്ഥാനങ്ങളുടെ പട്ടികയിൽ നികുതിവിഹിതം കിട്ടുന്ന കാര്യത്തിൽ 15ാം സ്ഥാനത്താണ് കേരളം.
വിപുലമായ എയ്ഡഡ് വിദ്യാഭ്യാസ മേഖലയടക്കം ഉൾക്കൊള്ളുന്ന സംസ്ഥാനത്ത് റവന്യൂ ചെലവ് വളരെ വലുതാണ്. സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം നിർണയിക്കാനുള്ള മാനദണ്ഡങ്ങളിൽ റവന്യൂ ചെലവുകളും പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്. 2015 മുതൽ പ്രകൃതിദുരന്തങ്ങൾ നിരന്തരം പ്രഹരമേൽപ്പിക്കുകയാണ്. നികുതിവിഹിതം വീതംവെക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥവ്യതിയാനവും ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് മറ്റൊന്ന്.
ഈ സാഹചര്യത്തിൽ തണ്ണീർത്തടങ്ങൾ, മലയോര പ്രദേശങ്ങൾ, തീരത്തിന്റെ നീളം തുടങ്ങിയ ഭൂമിശാസ്ത്ര സവിശേഷതകൾക്കൊപ്പം പ്രകൃതിദുരന്ത സാധ്യതകൂടി ഉൾപ്പെടുത്തി കമീഷന് സംസ്ഥാനം നിവേദനം സമർപ്പിക്കും. മാനദണ്ഡങ്ങളിൽ പ്രകൃതിദുരന്ത ഭീഷണികൂടി പരിഗണിച്ചാൽ ഹൈ റിസ്ക് സംസ്ഥാനങ്ങളായ ഗുജറാത്ത്, കേരളം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവക്ക് കൂടുതൽ ധനവിഹിതത്തിന് അർഹത കൈവരുമെന്നാണ് വിലയിരുത്തൽ.
നികുതിവിഹിതം 50 ശതമാനം സംസ്ഥാനങ്ങൾക്കായി നീക്കണം
രാജ്യത്തെ മൊത്തം നികുതിവരുമാനത്തിന്റെ ഗണ്യമായ ഭാഗവും കേന്ദ്രത്തിനാണ് ലഭിക്കുന്നത്. എന്നാൽ, വികസനവും സാമൂഹികക്ഷേമവും ഉറപ്പാക്കുകയെന്ന ഉത്തരവാദിത്തത്തിന്റെ മുഖ്യപങ്കും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. 2018-2019ലെ വരവും ചെലവും വിശകലനംചെയ്ത് 15ാം ധനകമീഷൻ തന്നെ തയാറാക്കിയ റിപ്പോർട്ട് പ്രകാരം ആകെ വരുമാനത്തിൽ 62.7 ശതമാനവും കേന്ദ്ര സർക്കാറിനാണ്. കേന്ദ്രത്തിന്റെ ചെലവ് 37.6 ശതമാനം മാത്രം.
മൊത്തം ചെലവുകളിൽ 62.4 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിലാണ്. ഈ സാഹചര്യത്തിൽ നികുതി വിഹിതം 50 ശതമാനം സംസ്ഥാനങ്ങൾക്കായി നീക്കിവെക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
സെസിനും സർചാർജിനും പരിധി നിശ്ചയിക്കണം
സംസ്ഥാനങ്ങൾക്ക് വീതംവെക്കേണ്ട വിഹിതം (ഡിവിസീവ് പൂൾ) മറികടക്കാനും കേന്ദ്രവരുമാനം ഉറപ്പിച്ചുനിർത്താനും സെസും സർചാർജുമാണ് കേന്ദ്രം പിടിവള്ളിയാക്കുന്നത്. 2011-2012ൽ കേന്ദ്ര സർക്കാറിന്റെ ആകെ നികുതിവരവിന്റെ 10.4 ശതമാനമായിരുന്നു സെസുകളും സർചാർജുകളും. 2021-2022ൽ ഇത് 28.1 ശതമാനമായി ഉയർന്നു.
ഫലത്തിൽ ശുഷ്കമാകുന്നത് ഡിവിസീവ് പൂളാണ്. നിരന്തരം കൂട്ടുന്ന ഇന്ധനനികുതി ഡിവിസീവ് പൂളിൽ ഉൾപ്പെടാത്ത സെസുകളായാണ് കേന്ദ്രം ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ സെസിനും സർചാർജിനും പരിധി നിശ്ചയിക്കണമെന്നും ഈ പരിധി കവിഞ്ഞുള്ളവ ഡിവിസീവ് പൂളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെടും.
വിഭജനങ്ങളിലെ അസന്തുലിതാവസ്ഥ
15ാം ധന കമീഷൻ കേന്ദ്ര നികുതി വരുമാനത്തിന്റെ 41 ശതമാനം 28 സംസ്ഥാനങ്ങൾക്കായി വിഭജിച്ചുനൽകണമെന്നാണ് ശിപാർശ ചെയ്തത്. ഇത് കേന്ദ്രത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടത്ര പണം ഉറപ്പാക്കുമെന്നും സംസ്ഥാനങ്ങൾക്ക് മതിയായ ഉപാധിരഹിത ധനസ്രോതസ്സ് ലഭ്യമാക്കുമെന്നുമായിരുന്നു കമീഷന്റെ വിലയിരുത്തൽ. യാഥാർഥ്യം മറിച്ചായിരുന്നു. പല സംസ്ഥാനങ്ങളും സാമ്പത്തിക ഞെരുക്കത്തിലേക്ക് വലിച്ചെറിയപ്പെട്ടു. ഈ പോരായ്മ പരിഹരിക്കണമെന്നതാണ് മറ്റൊരാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.