ഡി.ജി.പിയുടെ ശിപാർശ ധനവകുപ്പ് തള്ളി; പൊലീസ് ടെലികമ്യൂണിക്കേഷനിൽ നിയമന വരൾച്ച
text_fieldsതിരുവനന്തപുരം: തസ്തികകൾ സൃഷ്ടിക്കുന്നതിൽ ധനവകുപ്പ് ഉടക്കിട്ടതോടെ പൊലീസിലെ ടെലികമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി വിഭാഗത്തിൽ നിയമന വരൾച്ച. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ മൂന്നുമാസം മാത്രം ബാക്കിനിൽക്കെ 524 പേരുള്ള റാങ്ക് പട്ടികയിൽ ഇതുവരെ നിയമനശിപാർശ ലഭിച്ചത് 25 പേർക്ക് മാത്രം. ഇതിൽ 17 എണ്ണം മാത്രമാണ് പുതിയ ഒഴിവുകൾ. എട്ടെണ്ണം എൻ.ജെ.ഡിയാണ്. അഞ്ചു ശതമാനം പോലും നിയമനം നടക്കാതായതോടെ സർക്കാറിനെതിരെ സമരമുഖത്തിറങ്ങാനുള്ള തയാറെടുപ്പിലാണ് ഉദ്യോഗാർഥികൾ.
പൊലീസിന്റെ വാർത്താ വിനിമയത്തിന് ഭൗതിക സാഹചര്യമൊരുക്കുക, സ്റ്റേഷനുകളിലെയും ഓഫിസുകളിലെയും സാങ്കേതിക ഉപകരണങ്ങളുടെ പരിപാലനം, സൈബർ കുറ്റാന്വേഷണങ്ങൾക്ക് സാങ്കേതികസഹായം, സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള കാമറകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരിചരണം, വി.ഐ.പി/വി.വി.ഐ.പി ഡ്യൂട്ടികൾ, ശബരിമല ഡ്യൂട്ടിക്ക് ആവശ്യമായ കമ്യൂണിക്കേഷൻ സംവിധാനം ഒരുക്കുക, പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെ അടിയന്തര ഘട്ടങ്ങളിൽ പൊലീസിന്റെ പ്രവർത്തനങ്ങളെ ഏകോപിക്കുക തുടങ്ങിയ ചുമതലകളാണ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിനുള്ളത്.
യൂനിറ്റിലേക്ക് സാങ്കേതിക പരിജ്ഞാനം ആവശ്യമായതിനാൽ സാങ്കേതിക പരീക്ഷ നടത്തിയാണ് പി.എസ്.സി റാങ്ക് പട്ടിക തയാറാക്കുന്നത്.
എന്നാൽ, ഒരു എസ്.പിയടക്കം 852 പേർ ഉണ്ടായിരുന്ന യൂനിറ്റിനെ കഴിഞ്ഞ ജനുവരിയിലാണ് സൈബർ ഡിവിഷന്റെ പേരിൽ ആഭ്യന്തരവകുപ്പ് പൊളിച്ചടുക്കിയത്. 261 ഉദ്യോഗസ്ഥരെ പ്രത്യേക ഉത്തരവിലൂടെ തസ്തികയോടെ സൈബർ ഡിവിഷനിലേക്ക് മാറ്റിയത് ഉദ്യോഗാർഥികൾക്ക് ഇരുട്ടടിയായി.
കൊല്ലം, തൃശൂർ, കണ്ണൂർ റൂറൽ പൊലീസ് ജില്ലകൾ രൂപവത്കരിച്ചിട്ടും ഇവിടങ്ങളിൽ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിന്റെ യൂനിറ്റ് അനുവദിച്ചിട്ടുമില്ല. സാങ്കേതിക വൈഭവമുള്ള സേനാംഗങ്ങളുടെ അഭാവവും സൈബർ കുറ്റകൃത്യങ്ങളുടെ വർധനയും കണക്കിലെടുത്ത് സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളിലും ടെലികമ്യൂണിക്കേഷൻ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അതിനായി 652 തസ്തികകൾ അനുവദിക്കണമെന്നും ഡി.ജി.പി സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് ഫയൽ മടക്കുകയായിരുന്നു.
നിലവിൽ 20 സൈബർ പൊലീസ് സ്റ്റേഷനുകളിൽ മാത്രമാണ് ടെലികമ്യൂണിക്കേഷൻ ഉദ്യോഗസ്ഥരുടെ സേവനമുള്ളത്. 261 പൊലീസുകാരെ സൈബർ ഡിവിഷനിൽ നിയമിച്ചതിനെ തുടർന്ന് ടെലികമ്യൂണിക്കേഷനിലെ ജോലിഭാരം ചൂണ്ടിക്കാട്ടി സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിരന്തരം കത്തുകൾ നൽകുമ്പോഴും ടെലികമ്യൂണിക്കേഷനിൽ നിലവിൽ ഒഴിവില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.