മണ്ണ് പര്യവേക്ഷണം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ധനവകുപ്പ്
text_fieldsതിരുവനന്തപുരം: മണ്ണ് പര്യവേക്ഷണം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശ. ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിൽ വൈദ്യുതി ചാർജിനത്തിൽ ഖജനാവിനുണ്ടായ നഷ്ടം 15.53 ലക്ഷമാണ്. കെ.എസ്.ഇ.ബി യുടെ ആൻഡി പവർ തെഫ്ട് സ്ക്വാഡ് പിഴ ചുമത്തിയപ്പോൾ തന്നെ വൈദ്യുതി കണക്ടഡ് ലോഡ് ഉയർത്തി ക്രമീകരിച്ചിരുന്നെങ്കിൽ സർക്കാർ ഖജനാവിൽനിന്ന് ഈ തുക നഷ്ടപ്പെടുമായിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
അനുവദനീയമായ കണക്ടഡ് ലോഡ് വൈദ്യുതിയെക്കാൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവെന്ന കെ.എസ്.ഇ.ബി ആൻറി പവർ തെഫ്ട് സ്വാഡിന്റെ കണ്ടെത്തലിനെതുടർന്നാണ് ധനകാര്യവിഭാഗം ഡയറക്ടറേറ്റിൽ പരിശോധന നടത്തിയത്.
ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം റീ-വയറിങ് ചെയ്യാത്തതിനാൽ ഫാനുകളുടെയും, ലൈറ്റുകളുടെയും സ്വിച്ചുകൾ പ്രവർത്തനരഹിതമാണ്. അതിനാൽ അവ എപ്പോഴും പ്രവർത്തിക്കുന്നു. അതുപോലെ ജില്ലാ - സബ് ഓഫീസുകളിൽ ഉപയോഗിക്കേണ്ട മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട ഇലക്ട്രിക് ഉപകരണങ്ങൾ ലാബ് സൗകര്യം ഒരുക്കാതെയും ദീർഘവീക്ഷണമില്ലാതെയും ഡയറക്ടറേറ്റിലാണ് പ്രവർത്തിപ്പിക്കുന്നത്. അതുവഴി കണക്റ്റഡ് ലോഡ് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായി.
ജില്ലാ -സബ് ഓഫിസുകളിൽ ഉപയോഗിക്കേണ്ട ഇലക്ട്രിക് ഉപകരണങ്ങൾ ലാബ് സൗകര്യം ഒരുക്കാതെ ഡയറക്ടറേറ്റിൽ പ്രവർത്തിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെയും, കെ.എസ്.ഇ.ബി.യുടെ ആൻറി തെഫ്റ്റ് സ്ക്വാഡ് ചുമത്തിയ പിഴ കൃത്യമസമയത്ത് അടക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം.
ഈ വിവരം കൃത്യസമയത്ത് സർക്കാരിനെ അറിയിക്കാനും ഉദ്യോഗസ്ഥർ തയാറായിട്ടില്ല. അംഗീകൃത കണക്ടഡ് ലോഡ് വർധിപ്പിക്കൽ കെട്ടിട ഉടമയെക്കൊണ്ട് നടപ്പിലാക്കാൻ മുൻകൈയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ശിപാർശ.
മണ്ണ് പര്യവേക്ഷണ ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന വഴുതക്കാട് സെന്റർ പ്ലാസയിലെ വാടകകെട്ടിടത്തിന് 33 വർഷത്തിലധികം പഴക്കമുണ്ട്. കെട്ടിടത്തിന്റെ മൂന്നും നാലും നിലയിലുള്ള ഡയറക്ടറേറ്റ് ഓഫീസിൽ ആവശ്യമായ അറ്റകുറ്റപ്പണികളോ, വയറിങുകളോ യഥാസമയം നടത്തിയിട്ടില്ല.
മഴക്കാലത്ത് ചോർന്നൊലിക്കുന്ന ക്യാബിനുകളും, എപ്പോഴും പ്രവർത്തിക്കുന്ന ഫാനുകളും ലൈറ്റുകളുമായാണ് കെട്ടിടത്തിലുള്ളത്. ഓഫീസിന്റെ അവസ്ഥ വളരെ ശോചനീയവും, വനിതാ ജീവനക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഇല്ലാത്തതുമാണ്. അതേസമയം, ഒരു മാസം ഒന്നര ലക്ഷം രൂപ വാടകയിനത്തിൽ സർക്കാരിൽനിന്ന് കെട്ടിട ഉടമക്ക് നൽകുന്നത്.
അതിനാൽ ഡയറക്ടറേറ്റ് അടിയന്തിരമായി സർക്കാർ കെട്ടിടത്തിലേക്കോ അല്ലാത്ത പക്ഷം മറ്റേതെങ്കിലും ചെലവ് കുറഞ്ഞ വാടക കെട്ടിടത്തിലേക്കോ മാറ്റണം. ഓഫീസ് മാറ്റത്തിന് വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തണെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.