പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരനിക്ഷേപങ്ങൾ ട്രഷറികളേക്ക് മാറ്റണമെന്ന് ധനവകുപ്പ്
text_fieldsതിരുവനന്തപുരം : പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥിരനിക്ഷേപങ്ങൾ ട്രഷറികളിലേക്ക് മാറ്റണമെന്ന് ധനവകുപ്പ്. നിലവിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ സ്ഥിര നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്ന തുകകൾ കാലാവധി പൂർത്തിയാകുന്ന മുറക്ക് ഉയർന്ന പലിശ നിരക്ക് ലഭ്യമാകുന്ന നിലയിൽ ട്രഷറി സ്ഥിരനിക്ഷേപമായി മാറ്റി നിക്ഷേപിക്കണമെന്നാണ് നിർദേശം.
ട്രഷറിയിൽ നിന്നും ഉയർന്ന പലിശനിരക്ക് ലഭ്യമാകുന്ന സാഹചര്യത്തിലും കുറഞ്ഞ പലിശനിരക്കിൽ പൊതുമേഖലാ/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപിച്ച് സ്ഥാപനത്തിന് ലഭിക്കുന്ന പലിശ വരുമാനത്തിൽ കുറവുണ്ടാകുന്നു. ഈ സാഹചര്യമുണ്ടായാൽ അതിലൂടെയുണ്ടാകുന്ന ധന നഷ്ടം സ്ഥാപന മേധാവിയുടെയും ഫിനാൻസ് ഓഫീസറുടെയും സംയുക്ത ബാധ്യതയായി കണക്കാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
ഉടൻ പ്രാബല്യത്തിൽ വിനിയോഗിക്കുവാൻ സാധ്യതയില്ലാത്ത ബാങ്ക് ബാലൻസ് സ്ഥാപനത്തിന് ഉയർന്ന പലിശ ലഭിക്കുന്ന വിധത്തിലും അടിയന്തിരാവശ്യത്തിനു ഫണ്ട് തിരികെ ലഭ്യമാകുന്ന തരത്തിലും ഉചിതമായ ഹ്രസ്വകാല ട്രഷറി സ്ഥിരനിക്ഷേപമായി മാറ്റുന്നതിന് ഭരണ വകുപ്പ് നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിര നിക്ഷേപങ്ങൾ ഉൾപ്പടെയുളള വിശദാംശങ്ങൾ ശേഖരിക്കുന്നതിന് 2024 സെപ്തംബർ ഒമ്പതിനാണ് സർക്കാർ നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ധനകാര്യ പരിശോധന വിഭാഗം സംസ്ഥാന ഫാർമസി കൗൺസിൽ, ആർ.സി.സി. വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, തോന്നക്കൽ വൈറോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. സംസ്ഥാന ലൈബ്രറി കൗൺസിൽ, ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ അക്കൗണ്ടിലുള്ള 54, 41, 824 രൂപ ട്രഷറിയിലേക്ക് മാറ്റണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിന്റെ അക്കൗണ്ടിൽ ഇതുപോലെ 7,22,84,618 രൂപയുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. തോന്നക്കൽ വൈറോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കൗണ്ടിൽ കണ്ടെത്തിയത് 1,26,36,673 രൂപയാണ്. ഈ തുക സ്ഥാപനത്തിന് ഉയർന്ന പലിശ ലഭിക്കുന്ന വിധത്തിൽ ഹ്രസ്വകാല ട്രഷറി സ്ഥിര നിക്ഷേപമായി മാറ്റണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
സംസ്ഥാന ഫാർമസി കൗൺസിന്റെ അക്കൗണ്ടുകളിൽ ആകെ 5,23,65,792 രൂപയാണ് സ്ഥിര നിക്ഷേപം. ട്രഷറി നിരക്കിനേക്കാൾ കുറവിലാണ് ഈ സ്ഥാപനങ്ങൾ സ്ഥിരനിക്ഷേപം നടത്തിയിരിക്കുന്നത്. റീജണൽ കാൻസർ സന്റെർ (ആർ.സി.സി) ന് സി.ബി.ഐയിലും സൗത്ത് ഇന്ത്യൻ ബാങ്കിലും സ്ഥിര നിക്ഷേപമുണ്ട്. 75,24,25,538 രൂപയാണ് ബാങ്ക് നിക്ഷേപം. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് എന്ന സ്ഥാപനത്തിന് വിവിധ അക്കൗണ്ടുകളിലായി ആകെ 21,43,46,047 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഇതെല്ലാം ട്രഷറിയിലേക്ക് മാറ്റണമെന്നാണ് ധനകാര്യവിഭാഗം റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.