വീണാ വിജയൻ നികുതി അടച്ചെന്ന ധനമന്ത്രിയുടെ വാദം കള്ളം -മാത്യു കുഴൽനാടൻ
text_fieldsതിരുവനന്തപുരം: സി.എം.ആർ.എൽ കമ്പനിയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ കൈപ്പറ്റിയ പണത്തിന് നികുതി അടച്ചെന്ന ധനമന്ത്രിയുടെ വാദം കള്ളമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. വീണയുടെ സേവന നികുതി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയില്‍ അത്തരം വിവരങ്ങളൊന്നും ലഭ്യമല്ലെന്ന മറുപടിയാണ് ബംഗളൂരുവിലെ കമീഷണറേറ്റില്‍നിന്ന് ലഭിച്ചത്. വീണ നികുതിയൊന്നും അടച്ചിട്ടില്ലെന്നും രക്ഷിക്കാന്‍ ധനമന്ത്രിയെക്കൊണ്ട് സി.പി.എം നിയമസഭയില്‍ കള്ളം പറയിച്ചുവെന്നും കുഴല്നാടന് വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.
സി.എം.ആർ.എല്ലില്‍നിന്ന് ലഭിച്ച പണത്തിന് ജി.എസ്.ടി അടിച്ചിരുന്നുവെന്നാണ് സി.പി.എം പറഞ്ഞിരുന്നത്. 1.72 കോടി രൂപക്ക് നികുതി അടച്ചത് സംബന്ധിച്ച പരിശോധന ആവശ്യപ്പെട്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് കത്ത് നല്കിയപ്പോള് കിട്ടേണ്ട നികുതി കിട്ടിയെന്ന പ്രതികരണമാണ് ധനമന്ത്രി നടത്തിയത്. എന്നാല്‍ 2016ല്‍ സേവന നികുതി അടച്ചിരുന്നവര്‍ ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ ട്രാന്‍സീഷന്‍ ഫോറം നല്‍കേണ്ടതുണ്ട്. ഈ വിവരങ്ങള്‍ ജി.എസ്.ടി പോര്‍ട്ടലില്‍ ലഭ്യമാകും.
എന്നാല്‍ ഈ വിവരങ്ങള്‍ ആവശ്യപ്പെട്ട് ബംഗളൂരു ജി.എസ്.ടി കമീഷണറേറ്റിന് നല്കിയ അപേക്ഷക്ക് സേവന നികുതി വിശദാംശങ്ങള്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. അതിനാല്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ധനമന്ത്രിയും നിയമസഭയില്‍ പറഞ്ഞത് കള്ളമാണെന്നും കുഴല്നാടന് ആരോപിച്ചു. സി.എം.ആര്.എല്ലില്‍ നിന്ന് എക്സാലോജിക്കിലേക്ക് പോയ പണം അഴിമതി പണമാണെന്ന് എസ്.എഫ്.ഐ.ഒ അഭിഭാഷകന് ഡല്‍ഹി ഹൈകോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഇതേ കാര്യത്തിലാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. മാസപ്പടി കേസ് മുന്നോട്ടുകൊണ്ടുപോകാനുള്ള അനുമതി പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.