സി.എ.ജി കരട് റിപ്പോർട്ട് യു.ഡി.എഫിന് പവിത്രരേഖയായത് എന്നുമുതൽ –ധനമന്ത്രി
text_fieldsകൊച്ചി: കരട് സി.എ.ജി റിപ്പോർട്ട് യു.ഡി.എഫിന് പവിത്രരേഖയായത് എന്നുമുതലാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. റിപ്പോർട്ടിെല പരാമർശങ്ങളുടെ ഉന്നം രാഷ്ട്രീയമുതലെടുപ്പാണ്. യു.ഡി.എഫും ബി.ജെ.പിയും ഉയർത്തുന്ന ആരോപണങ്ങളിലേക്ക് സി.എ.ജി കടന്നുവരുന്നത് യാദൃച്ഛികമാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബിയിലെ അഴിമതി എന്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കണം. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല. കിഫ്ബിക്കെതിരായ ഒളിച്ചുകളി കൈയോടെ പിടിക്കപ്പെട്ടതിെൻറ ജാള്യം മറയ്ക്കാൻ ചെന്നിത്തല വീണിടത്തു കിടന്ന് ഉരുളുകയാണ്. ലാവലിൻ കരാറിൽ 375 കോടി നഷ്ടമുണ്ടായെന്ന കള്ളക്കഥ പ്രചരിപ്പിച്ചത് സി.എ.ജിയുടെ കരട് റിപ്പോർട്ട് വെച്ചാണ്. ചെലവഴിച്ച തുകക്ക് ആനുപാതിക നേട്ടമുണ്ടായില്ലെന്നു മാത്രമായിരുന്നു അന്തിമ റിപ്പോർട്ടിലെ പരാമർശം. എന്നിട്ടും അത് രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ചു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ലാവലിൻ കേസിൽ ആഭ്യന്തരമന്ത്രിയെ മറികടന്ന് അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉപഹരജി നൽകിയത് ചെന്നിത്തല ഓർക്കണം. യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന ബദൽ എന്താണെന്ന് വ്യക്തമാക്കണം. നവകേരള സൃഷ്ടിക്ക് എന്തുമാർഗമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എല്ലാ പ്രതിപക്ഷ എം.എൽ.എമാരുടെയും മണ്ഡലത്തിൽ കിഫ്ബി പദ്ധതികളുണ്ട്. ആരും ഇതുവരെ അഴിമതി ആരോപിച്ചിട്ടില്ല.
സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് ആർ.ബി.ഐയുടെയും സെബിയുടെയും നിയമങ്ങൾക്ക് വിധേയമായി വായ്പയെടുക്കാൻ അധികാരമുണ്ടോ എന്ന് യു.ഡി.എഫ് നേതാക്കൾ പറയണം. കിഫ്ബി മസാല ബോണ്ട് വഴി വിദേശനിക്ഷേപം സമാഹരിച്ചതാണോ പ്രശ്നം. യു.ഡി.എഫ് ഭരണകാലത്തും ഇങ്ങനെ വായ്പയെടുത്തിട്ടുണ്ട്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെയും മറ്റും ഉപയോഗിച്ച് നടത്തുന്ന സൂത്രപ്പണികൾക്ക് സി.എ.ജിയെയും കരുവാക്കാമെന്നാണ് ബി.ജെ.പി വ്യാമോഹം. അതൊക്കെ ഉത്തരേന്ത്യയിൽ നടപ്പാക്കിയാൽ മതി, കേരളത്തിൽ വേണ്ട. കിഫ്ബിക്ക് സ്വർണക്കടത്തുമായി ബന്ധം ആരോപിക്കുന്ന ബി.ജെ.പി പ്രസിഡൻറ് കെ. സുരേന്ദ്രൻ, അത് ഏതുവിധത്തിലാണെന്നുകൂടി വ്യക്തമാക്കണം. കിഫ്ബിയുടെ ഭരണഘടനാവകാശം ഇല്ലാതാക്കാനാണ് കോണ്ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.