ധനമന്ത്രി തിരുത്തണം -എൻ.കെ. പ്രേമചന്ദ്രൻ എം.പി
text_fieldsകോഴിക്കോട്: നികുതിപിരിവിൽ സംസ്ഥാനത്ത് എത്ര കുടിശ്ശികയുണ്ടെന്നും പിരിച്ചെടുക്കാൻ എന്തു നടപടി സ്വീകരിച്ചുവെന്നും ധനമന്ത്രി വെളിപ്പെടുത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ജി.എസ്.ടി വിഷയത്തിൽ പാർലമെന്റിൽ താനുന്നയിച്ച ചോദ്യത്തെ വികലമായി വ്യാഖ്യാനിച്ച് ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്ത് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രസ്താവന പിൻവലിക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണം. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾക്ക് 16,982 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരത്തുക നൽകാൻ ജി.എസ്.ടി കൗൺസിൽ തീരുമാനമെടുത്തതിനു പിന്നിൽ പാർലമെന്റിലെ ചോദ്യോത്തരവും കേന്ദ്ര ധനമന്ത്രി സഭയിൽ നൽകിയ ഉറപ്പും പ്രചോദനമായി.
യഥാസമയം രേഖകൾ സമർപ്പിക്കാത്തതുകൊണ്ടാണ് സംസ്ഥാനത്തിന് ജി.എസ്.ടി നഷ്ടപരിഹാരത്തുക ലഭിക്കാത്തതെന്നാണ് കഴിഞ്ഞ ദിവസത്തെ ജി.എസ്.ടി കൗൺസിൽ തീരുമാനവും തുടർന്നുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവനയും വ്യക്തമാക്കുന്നത്. കേരളത്തിന് അർഹതപ്പെട്ട 780 കോടി രൂപ നൽകാത്തത് എ.ജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ നൽകാത്തതുകൊണ്ടാണ്. അത് ലഭിച്ചാൽ കേരളത്തിന് തുക നൽകുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ബാലഗോപാലിന്റെ വിശദീകരണത്തിന് വിരുദ്ധമാണ്.
അർഹതപ്പെട്ട വിഹിതമുൾപ്പെടെ ജി.എസ്.ടി നഷ്ടപരിഹാര വിഹിതം നൽകാമെന്ന് ധനമന്ത്രിയെക്കൊണ്ട് ലോക്സഭയിൽ ഉറപ്പു വാങ്ങിയ ചോദ്യമുന്നയിച്ചയാളെ ദുരാരോപണം ഉന്നയിച്ച സംസ്ഥാന ധനമന്ത്രി തെറ്റുതിരുത്തണം. ഐ.ജി.എസ്.ടി സംബന്ധിച്ച് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ധനമന്ത്രി മൗനംപാലിക്കുകയാണ്. കേരളത്തിന് നിയമാനുസരണം സമാഹരിക്കാൻ കഴിയുമായിരുന്ന 5000 കോടിയുടെ ഐ.ജി.എസ്.ടി വിഹിതം നഷ്ടപ്പെട്ടതായാണ് റിവ്യൂ കമ്മിറ്റിയുടെ കണ്ടെത്തൽ. റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടുകൾ പുറത്തുവിടുന്നുമില്ല. സർക്കാറിന്റെ പിടിപ്പുകേടിന്റെ ഭാരം ഇന്ധനസെസായി ജനങ്ങളുടെ തലയിലിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.