നോക്കുകൂലിയെ കുറിച്ച് വാചാലയായ ധനമന്ത്രി കേരളത്തിന് ഒന്നും തന്നിട്ടില്ല -ജോൺ ബ്രിട്ടാസ്
text_fieldsന്യൂഡൽഹി: കേരളത്തിലെ നോക്കുകൂലിയെ കുറിച്ച് വാചാലയായ ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിന് ഒന്നും തന്നിട്ടില്ലെന്ന് ജോൺബ്രിട്ടാസ് എം.പി. രാജ്യസഭയിലാണ് ജോൺ ബ്രിട്ടാസ് പരാമർശം നടത്തിയത്. നിർമലയെ സഭയിൽ ഇരുത്തിയാണ് ജോൺ ബ്രിട്ടാസിന്റെ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്.
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായപ്പോൾ കേരളത്തിനൊപ്പമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ഉണ്ടായില്ല. ഒടുവിൽ ഹൈകോടതി ഇടപെടലുണ്ടായപ്പോഴാണ് കേരളത്തിന് കേന്ദ്രം വായ്പ അനുവദിച്ചത്. ഒരിക്കലും അംഗീകരിക്കാനാവാത്ത വ്യവസ്ഥയോടെയാണ് കേന്ദ്രസർക്കാർ വായ്പ നൽകിയത്. കേരളത്തിലെ നോക്കുകൂലിയെ കുറിച്ച് വാചാലയാവുന്ന ധനമന്ത്രി സംസ്ഥാനത്തിന് സഹായം നൽകാനും തയാറാവണമെന്ന് ധനമന്ത്രി പറഞ്ഞു.
നോക്കുകൂലിയടക്കം വ്യവസായ നയങ്ങളാണ് കേരളത്തെ തകര്‍ത്തതെന്ന് രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത സമ്പ്രദായമാണിതെന്നും മന്ത്രി പരിഹസിച്ചു. ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്ക് പോലും നോക്കുകൂലി ചുമത്തുന്ന രീതിയിലുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളതെന്ന് നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
മണിപ്പുര്‍ ബജറ്റിനുള്ള ചര്‍ച്ചയ്ക്ക് മറുപടിപറയവെയാണ് ധനമന്ത്രി സി.പി.എമ്മിനെ കടന്നാക്രമിച്ചത്. നോക്കുകൂലിയടക്കം വ്യവസായ നയങ്ങള്‍ സൃഷ്ടിച്ച ദുരന്തത്തില്‍നിന്ന് കേരളം ഇതുവരെ കരകയറിയിട്ടില്ല. ബംഗാളിലും ത്രിപുരയിലും ഏറ്റവുംവലിയ കലാപമുണ്ടായത് സി.പി.എം ഭരണകാലത്താണെന്നും നിർമല പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.