കോവിഡ് ബാധിച്ച് മരിച്ച പ്രവാസികൾക്ക് ധനസഹായം: കേന്ദ്രസർക്കാറിനെ കക്ഷിചേർക്കും
text_fieldsകൊച്ചി: കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ ആശ്രിതർക്കും ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാറിനെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെയും കക്ഷിചേർക്കാൻ ഹൈകോടതി നിർദേശം. കേന്ദ്ര സർക്കാറിന് പങ്കാളിത്തമുള്ള സംസ്ഥാന ദുരിതാശ്വാസ നിധിയിൽനിന്നാണ് ധനസഹായം നൽകുന്നതെന്നും കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ ഉറ്റവർക്ക് ധനസഹായം നൽകാൻ അനുമതി തേടി മുഖ്യമന്ത്രി 2021 ഡിസംബർ 15ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ലെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.
ഈ കത്തിന്റെ പകർപ്പ് ഹാജരാക്കാനും ജസ്റ്റിസ് എൻ. നഗരേഷ് നിർദേശിച്ചിട്ടുണ്ട്. ഹരജി ഈ മാസം 24ന് വീണ്ടും പരിഗണിക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ സർക്കാർ സഹായം നൽകുന്നുണ്ട്. എന്നാൽ, വിദേശത്ത് ഇങ്ങനെ മരിച്ചവരുടെ ഉറ്റവർ നൽകിയ അപേക്ഷകൾ നിരസിച്ചെന്നും സർക്കാറിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിക്കാർ ബോധിപ്പിച്ചു. കേന്ദ്രസർക്കാറിന് 75 ശതമാനം പങ്കാളിത്തമുള്ള ദുരിതാശ്വാസ നിധിയിൽനിന്നാണ് പണം നൽകുന്നതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് സഹായ വിതരണമെന്നും സംസ്ഥാന സർക്കാർ വിശദീകരിച്ചു. ഇതേ വിഷയത്തിൽ ഡൽഹി ഹൈകോടതിയിലുള്ള ഹരജിയിൽ കേന്ദ്ര സർക്കാറിനെ കക്ഷിചേർത്തെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.