സാമ്പത്തികബാധ്യത ഉയരുന്നു; ഇനിയെന്തെന്നറിയാതെ കെ-ഫോൺ
text_fieldsകോട്ടയം: സർക്കാറിന്റെ അഭിമാന പദ്ധതിയെന്ന നിലയിൽ കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ കെ-ഫോണിന് ലക്ഷ്യം കൈവരിക്കാനായില്ല. സാമ്പത്തികബാധ്യത വർധിക്കുകയും പദ്ധതിക്ക് പണം അനുവദിച്ച കിഫ്ബിയുടെ കണ്ണിലെ കരടായി മാറുകയും ചെയ്തതോടെ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ കുഴങ്ങുകയാണ് കെ-ഫോൺ.
ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസമായിട്ടും കെ-ഫോൺ സൗജന്യ കണക്ഷൻ നൽകലിൽ കാര്യമായ പുരോഗതിയില്ല. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവര്‍ക്ക് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ മൂന്നിലൊന്നുപോലും കൊടുത്ത് തീര്‍ക്കാനായില്ലെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ സമ്മതിക്കുന്നു.
ദൈനംദിന പ്രവര്‍ത്തനച്ചെലവിന് പുറമെ കിഫ്ബിയിൽനിന്ന് എടുത്ത വായ്പ തിരിച്ചടവുകൂടി നോക്കുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കെ -ഫോണിന് മുന്നിലുണ്ട്. വാര്‍ഷിക പരിപാലന തുക മാറ്റിവെച്ചാൽ 1168 കോടി രൂപക്കാണ് കെ-ഫോൺ പദ്ധതി നടത്തിപ്പ്. ഇതിൽ 70 ശതമാനം തുക കിഫ്ബി ഫണ്ടാണ്. പലിശസഹിതം ഈ തുക തിരിച്ചടക്കാൻ വര്‍ഷം നൂറുകോടി വീതം കണ്ടെത്തണം.
ഓഫിസ് ചെലവിനത്തിലും കെ.എസ്.ഇ.ബി വാടകയിനത്തിലും പ്രതിമാസം 30 കോടി പ്രവര്‍ത്തനച്ചെലവ് അടക്കം വൻ സാമ്പത്തിക ബാധ്യത വേറെയുമുണ്ട്. സര്‍ക്കാര്‍ സഹായം കൃത്യമായി ലഭിക്കുന്നില്ലെന്ന് മാത്രമല്ല, വാണിജ്യ കണക്ഷൻ ഉൾപ്പെടെ വരുമാനവർധന മാർഗങ്ങൾക്ക് പ്രതീക്ഷിച്ച വേഗവുമില്ല.
കിഫ്ബി വകയിരുത്തിയ 1061 കോടിയിൽനിന്ന് ഇതുവരെ കെ -ഫോണിന് അനുവദിച്ചുകിട്ടിയത് 456 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിൽ 43 ശതമാനം ഇനിയും കിട്ടാനുമുണ്ട്. കര്‍ശന വ്യവസ്ഥകളും മാനദണ്ഡങ്ങളും പിന്തുടരുന്ന കിഫ്ബിയിൽനിന്ന് ഇനിയും പണം അനുവദിച്ച് കിട്ടണമെങ്കിൽ കെ-ഫോണിന് മുന്നിൽ കടമ്പകളേറെയാണ്.
കോടികൾ മുടക്കിയ അഭിമാന പദ്ധതിക്ക് തുടര്‍ന്നും പണം അനുവദിക്കണമെങ്കിൽ കെ-ഫോണിന്റെ പ്രവര്‍ത്തനം വിശദമായി പരിശോധിക്കണമെന്ന നിലപാടിലാണ് കിഫ്ബി. സര്‍ക്കാര്‍ വിഹിതമായി 336 കോടിയാണ് പദ്ധതിക്ക് കിട്ടേണ്ടത്. എന്നാല്‍, 192 കോടിയാണ് കൊടുത്തത്. ഗതിശക്തി പദ്ധതിയിൽപെടുത്തി കേന്ദ്രസര്‍ക്കാർ അനുവദിച്ച 85 കോടി അടക്കം 734 കോടിയാണ് കെ-ഫോണിന് ഇതുവരെ അനുവദിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.