കരിപ്പൂർ അപകടം: പരിക്കേറ്റ 55 പേർക്ക് നഷ്ടപരിഹാരം നൽകി
text_fieldsമലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ആഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിൽ പരിക്കേറ്റ 55 പേർക്ക് ഇടക്കാല നഷ്ടപരിഹാരം എയർ ഇന്ത്യ എക്സ്പ്രസ് നൽകിത്തുടങ്ങിയതായി ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഈ മാസാവസാനത്തോടെ ബാക്കിയുള്ളവർക്ക് കൂടി നൽകും. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരവും ഉടൻ വിതരണം ചെയ്യും.
ഗുരുതര പരിക്കേറ്റവർക്ക് രണ്ടു ലക്ഷവും നിസ്സാര പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് കേന്ദ്ര േവ്യാമയാന മന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചത്. നഷ്ടപരിഹാരം നൽകുന്നതിന് മുന്നോടിയായി ഇൻഷുറൻസ് കമ്പനികൾ സർവേ നടപടി പൂർത്തിയാക്കി. അപകടത്തിൽ തകർന്ന വിമാനത്തിലെ ബാഗേജുകൾ തിരിച്ചറിയാൻ യു.കെ കമ്പനിയായ കെൻയോണിനെ ചുമതലപ്പെടുത്തിയിരുന്നു. 95 യാത്രക്കാരുടെ ബാഗേജുകൾ തിരിച്ചറിഞ്ഞ് വീടുകളിലെത്തിച്ചതായി കലക്ടർ പറഞ്ഞു.
ഇതുവരെ 21 പേരാണ് മരിച്ചത്. 39 പേർ പരിക്കുകളോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. അതിൽ നാലുപേരുടെ നില ഗുരുതരമാണ്. യാത്രക്കാരിൽ ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 130 പേർ ഡിസ്ചാർജ് ആയതായും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.