സാമ്പത്തിക പ്രതിസന്ധി: ശമ്പളമില്ലാതെ 10 പൊതുമേഖല സ്ഥാപനങ്ങൾ
text_fieldsമലപ്പുറം: സാമ്പത്തിക പ്രതിസന്ധിമൂലം ശമ്പളം നൽകാനാവാതെ സംസ്ഥാനത്ത് 10 പൊതുമേഖല സ്ഥാപനങ്ങൾ. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്, ഓട്ടോകാസ്റ്റ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡ്, സീതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡ്, തൃശൂർ കോഓപറേറ്റിവ് സ്പിന്നിങ് മിൽസ് ലിമിറ്റഡ്, മലബാർ കോഓപറേറ്റിവ് ടെക്സ്റ്റൈൽസ് ലിമിറ്റഡ് (മാൽകോടെക്സ്), കേരള സ്റ്റേറ്റ് ബാംബു കോർപറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, ദ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, ട്രാക്കോ കേബ്ൾ കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിലാണ് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത്. വർഷങ്ങളായി വൻ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിവ.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വ്യവസായ വകുപ്പിന് കീഴിലുള്ള തൃശൂർ കോഓപറേറ്റിവ് സ്പിന്നിങ് മിൽസ് ലിമിറ്റഡും കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷന്റെ അധീനതയിലുള്ള എടരിക്കോട് ടെക്സ്റ്റൈൽസ്, കോട്ടയം ടെക്സ്റ്റൈൽസ് യൂനിറ്റുകളാണ് ലേ-ഓഫ് ചെയ്തത്. കടം കുതിച്ചുകയറി അസംസ്കൃത വസ്തു വാങ്ങാൻ പോലും പണമില്ലാതെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന അവസ്ഥയിലുമാണ് സ്ഥാപനങ്ങൾ ലേ ഓഫ് ചെയ്തതെന്ന് വ്യവസായ വകുപ്പ് പറയുന്നു.
2023 -24ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 35 പൊതുമേഖല സ്ഥാപനങ്ങൾ വൻ നഷ്ടത്തിലാണ്. 20 എണ്ണം മാത്രമാണ് ലാഭത്തിലുള്ളത്. കേരള സ്റ്റേറ്റ് കാഷ്യു ഡെവല്മെന്റ് കോർപറേഷൻ (45.38 കോടി), കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (23.23 കോടി), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് (22.06 കോടി), കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ (21.31 കോടി), മലബാർ സിമന്റ്സ് (19.62 കോടി) എന്നീ പൊതുമേഖല സ്ഥാപനങ്ങളാണ് നഷ്ടത്തിൽ മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.