വകുപ്പുകൾക്കും ചെലവ് ചുരുക്കൽ നിർദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ട്രഷറി നിയന്ത്രണത്തിന് പിന്നാലെ ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം. സെമിനാറുകളും ശിൽപശാലകളും പരിശീലന പരിപാടികളും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സംഘടിപ്പിക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. സെമിനാറുകളടക്കം പരിപാടികൾ അതാത് സ്ഥാപനങ്ങൾക്ക് കീഴിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സംഘടിപ്പിക്കണം. സ്ഥാപനങ്ങളിൽ സൗകര്യമില്ലെങ്കിൽ മറ്റ് സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാണെങ്കിൽ സെക്രട്ടറിതലത്തിൽ അനുമതി വാങ്ങണം. നിർദേശങ്ങൾക്ക് വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചെലവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് പലിശസഹിതം തിരിച്ചുപിടിക്കും.
നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അനാവശ്യ ചെലവുകൾ നിയന്ത്രിക്കണമെന്നും ഉത്തരവിലുണ്ട്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ട്രഷറി വഴി മാറാവുന്ന ബില്ലുകളുടെ പരിധി പത്തുലക്ഷമായിരുന്നത് കഴിഞ്ഞ ദിവസം അഞ്ച് ലക്ഷമായി കുറച്ചു. ഓണച്ചെലവുകളും വായ്പ തിരിച്ചടവുമെല്ലാം ഒന്നിച്ചെത്തിയതിന്റെ ഞെരുക്കമാണ് ട്രഷറി നിയന്ത്രണങ്ങളിലേക്ക് എത്തിച്ചത്. ഓണച്ചെലവുകൾക്കും ആനുകൂല്യ വിതരണത്തിനുമായി 19,000 കോടി രൂപ വേണമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. ഓണക്കാല ചെലവുകൾക്കടക്കം ഒരുശതമാനം അധികം വായ്പക്കുള്ള അനുമതിയോ 8000 കോടിയുടെ പാക്കേജോ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും കേന്ദ്രം നിരസിച്ച സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് ധനവകുപ്പ് കടന്നത്.
20 ദിവസത്തിനിടെ രണ്ടാം തവണയാണ് ട്രഷറി നിയന്ത്രണം. ഇതിന് മുമ്പ് ട്രഷറി പരിധി അഞ്ച് ലക്ഷമായി താഴ്ത്തിയത് കോവിഡ് കാലത്താണ്. ശനിയാഴ്ചവരെ സമർപ്പിച്ച ബില്ലുകൾ പ്രത്യേക ക്യൂവിലേക്ക് മാറ്റാനാണ് ട്രഷറികൾക്കുള്ള ധനവകുപ്പിന്റെ നിർദേശം. ഫലത്തിൽ അനിവാര്യ ചെലവുകൾ ഒഴികെ ബില്ലുകൾ മാറാൻ ഓണം കഴിയണമെന്ന് വ്യക്തമായി. ട്രഷറി നിയന്ത്രണം എത്രനാൾ എന്നതും ധനവകുപ്പ് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.