സാമ്പത്തിക പ്രതിസന്ധി: കുഞ്ഞാലിക്കുട്ടിയുടെ നിലപാട് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
text_fieldsആലപ്പുഴ: സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രശ്നത്തിൽ സംസ്ഥാന സർക്കാറിനൊപ്പം നിൽക്കുമെന്ന മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാട് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിന്‍റേത് സ്വാഗതാർഹമായ നിലപാടാണെന്ന് മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ കേരളത്തിലെ എല്ലാ കക്ഷികളും ഒരുമിച്ച് നിൽക്കണമെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനൊപ്പം ലീഗ് ഉണ്ടാകുമെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു മഖ്യമന്ത്രി. ഇത് പറയുമ്പോൾ ഉടനെ ലീഗ് ഇങ്ങ് വന്ന്കളയും എന്ന് ആരും ധരിക്കേണ്ട. ലീഗിനെ ഇങ്ങ് കൊണ്ടുവരാൻ വേണ്ടി ഞങ്ങൾ വല്ലാതെ പാടുപെടുകയാണ് എന്ന വ്യാഖ്യാനവും വേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നാടിന്‍റെ പ്രശ്നങ്ങൾ മനസിലാക്കുന്നവർക്കെല്ലാം ലീഗ് എടുത്ത നിലപാടിന് സമാനമായ രീതിയിൽ മാത്രമെ പ്രതികരിക്കാനാവൂ. ഞങ്ങൾ ഇത് പ്രതിപക്ഷത്തോട് പൊതുവേ അഭ്യർഥിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങളാണ് ഏറ്റവും ഗുരുതരമായിട്ടുള്ളത്. അതിന്‍റെ ഭാഗമായി നാടിന്‍റെ കൈയിൽ കിട്ടേണ്ട പണമാണ് നഷ്ടമാകുന്നത്.
ഇത് പെട്ടെന്ന് ഏതെങ്കിലും പദ്ധതിയെ ബാധിക്കുന്നതോ, ഒരു വർഷത്തെ പദ്ധതിയെ ബാധിക്കുന്നതോ അല്ല. കേരളത്തിന്‍റെ ഭാവി വികസനത്തെ തടയുന്നതിനാണ് ഇത് വഴിയൊരുക്കുക. അത്തരം ഒരുഘട്ടത്തിൽ നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കണം. അതിൽ ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ തന്നെ കേരളത്തിൽ ഒറ്റക്കെട്ടായി നിൽക്കാൻ കഴിയണം. പക്ഷേ, കോൺഗ്രസ് സംസ്ഥാന സർക്കാറിനെ വിമർശിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.