സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വരുമാനത്തിന് വഴിതേടി ദേവസ്വം ബോർഡുകൾ
text_fieldsതിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട തിരുവിതാംകൂർ ഉൾപ്പെടെയുള്ള ദേവസ്വംബോർഡുകൾ വരുമാനത്തിനായി മറ്റ് മാർഗങ്ങൾ തേടുന്നു. ലോക്ഡൗണുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ നിത്യ െചലവുകൾക്കുപോലും പണം കണ്ടെത്താനാവുന്നില്ല. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ നൽകാനാകാത്ത സ്ഥിതിയുമുണ്ട്. ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചെങ്കിലും ക്ഷേത്രങ്ങൾ ഉൾപ്പെടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയില്ല. ഭക്തർ എത്തി വഴിപാടുകൾ പുനരാരംഭിച്ചാൽ മാത്രമേ വരുമാനം ലഭിക്കൂ.
നിലവിലെ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കാനാവില്ലെന്ന നിലപാടിലാണ് സർക്കാർ. 1200 ലധികം ക്ഷേത്രങ്ങളും അയ്യായിരത്തിലധികം ജീവനക്കാരുമുള്ള തിരുവിതാംകൂർ ദേവസ്വംബോർഡിൽ പ്രതിസന്ധി ഏറെ രൂക്ഷമാണ്. ശബരിമല ഉൾപ്പെടെ വരുമാന സ്രോതസ്സുകളായിരുന്ന ക്ഷേത്രങ്ങളിലൊന്നും ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്രങ്ങളിൽ ഭക്തർക്ക് ചുറ്റമ്പലത്തിലെങ്കിലും പ്രവേശനം നൽകി വഴിപാടുകൾ നടത്താനുള്ള അവസരമുണ്ടാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. സർക്കാറിൽനിന്ന് സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിക്കാത്തത് പ്രതിസന്ധി വർധിപ്പിെച്ചന്ന് ദേവസ്വംബോർഡ് വൃത്തങ്ങൾ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേവസ്വംബോർഡുകൾക്ക് കീഴിലുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും വാടകക്ക് നൽകുന്നതിനെക്കുറിച്ചാണ് പ്രധാനമായും ആലോചിക്കുന്നത്.
മുമ്പ് തിരുവിതാംകൂർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച ആഭരണങ്ങൾ ഉൾപ്പെടെ വരുമാനമാക്കാനുള്ള നീക്കം നടത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതൊന്നും കഴിയാത്തതിനാലാണ് പുതിയ മാർഗം തേടുന്നത്. രണ്ടുവർഷമായി ശബരിമല സീസണിലെ വരുമാനത്തിൽ വലിയ നഷ്ടമാണുണ്ടായിട്ടുള്ളത്. കടകൾ ലേലത്തിന് അനുവദിച്ചതിലും വലിയ വരുമാനമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.