ധനപ്രതിസന്ധി: മന്ത്രിമാർ തമ്മിൽ വാഗ്വാദം
text_fieldsതിരുവനന്തപുരം: നെല്ല് സംഭരണം ചർച്ച ചെയ്യാനായി ചേർന്ന മന്ത്രിസഭ ഉപസമിതി യോഗത്തിൽ മന്ത്രിമാർ തമ്മിൽ വാഗ്വാദം. നെല്ല് സംഭരിച്ച വകയിൽ ബാങ്ക് കൺസോർട്യത്തിനും സപ്ലൈകോക്കും നൽകാനുള്ള പണം ഖജനാവിലില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും കൺസോർട്യത്തിൽനിന്ന് വാങ്ങിയ 2500 കോടി രൂപ തിരികെ നൽകാതെ സഹകരണസംഘങ്ങൾക്ക് നെല്ല് സംഭരിക്കാൻ കഴിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലും പറഞ്ഞതോടെ നെല്ല് സംഭരണ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
വരുന്ന സീസൺ മുതൽ സഹകരണസംഘങ്ങൾ വഴി നെല്ല് സംഭരിക്കാനായിരുന്നു മന്ത്രിസഭ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അധ്യക്ഷതയിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, കൃഷിമന്ത്രി പി. പ്രസാദ്, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, സഹകരണ മന്ത്രി വി.എൻ. വാസവൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു എന്നിവർ ഓൺലൈനായി യോഗം ചേർന്നത്. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലും കൊയ്യാനുള്ള നെല്ലും ഉൾപ്പെടെ ഈടുവെച്ചാണ് ബാങ്ക് കൺസോർട്യത്തിൽനിന്ന് സപ്ലൈകോ 2500 കോടി കടമെടുത്തതെന്ന് മന്ത്രി അനിൽ അറിയിച്ചു. പണം അടച്ചുതീർക്കാതെ മറ്റൊരു ഏജൻസിക്ക് നെല്ല് സംഭരിക്കാനാകില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ 2011-2022 കാലയളവിലെ നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോക്ക് കിട്ടാനുള്ള 1055 കോടിയെങ്കിലും നൽകണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലും കൃഷിമന്ത്രി പി. പ്രസാദും ധനമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും പണമില്ലെന്നായിരുന്നു മറുപടി. ഇതോടെ ചർച്ച തർക്കത്തിലേക്ക് വഴിമാറി.
മറ്റ് പല കാര്യങ്ങൾക്കും വായ്പ അനുവദിക്കുന്ന ധനവകുപ്പ് എന്തുകൊണ്ട് കർഷകരെ അവഗണിക്കുന്നെന്ന് സി.പി.ഐ മന്ത്രിമാർ ചോദിച്ചു. ഇതിന് വ്യക്തമായ മറുപടി ധനമന്ത്രി നൽകിയില്ല. കൺസോർട്യം വായ്പ കൂടാതെ നെല്ല് സംഭരിച്ച വകയിൽ കേരള ബാങ്കിന് 534.72 കോടി കുടിശ്ശികയുണ്ടെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഈ പണം നൽകിയാൽ അടുത്ത സീസണിൽ കേരള ബാങ്കിന്റെ സഹായം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇതിനും പണമില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
ഒരു ക്വിന്റൽ (100 കിലോ) നെല്ലിന് 68 കിലോ അരി എന്നാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ. കേരളത്തിലെ കാലാവസ്ഥ പരിഗണിച്ച് 64.5 കിലോയാണ് സംസ്ഥാന സർക്കാർ അംഗീകരിച്ചത്. കേന്ദ്ര വ്യവസ്ഥപ്രകാരം മില്ലുടമകൾ നെല്ലെടുക്കില്ല. 3.5 കിലോയുടെ കുറവ് പരിഹരിക്കാൻ സംസ്ഥാന സർക്കാർ സപ്ലൈകോക്ക് നൽകുന്ന ധനവിഹിതമാണ് ഔട്ട് ടേൺ റേഷ്യോ. നിലവിൽ കിലോക്ക് 28.20 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. ഇതിൽ 20.40 രൂപ കേന്ദ്ര വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്. എന്നാൽ, 12 വർഷമായി സംസ്ഥാന വിഹിതമായ 725 കോടിയും ഔട്ട് ടേൺ റേഷ്യോ ഇനത്തിലുള്ള 330 കോടിയും ധനവകുപ്പ് സപ്ലൈകോക്ക് നൽകിയിട്ടില്ലെന്ന് ജി.ആർ. അനിൽ ചൂണ്ടിക്കാട്ടി. ഇതിലും വ്യക്തമായ മറുപടി ധനമന്ത്രിയിൽനിന്നുണ്ടായില്ല.
വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് കൺസോർട്യം പ്രതിനിധികളുമായി ചീഫ് സെക്രട്ടറിയോട് വീണ്ടും ചർച്ച നടത്താൻ യോഗം ആവശ്യപ്പെട്ടു.
ചർച്ച നടന്നെങ്കിലും ബാങ്ക് പ്രതിനിധികൾ വഴങ്ങിയില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കുടിശ്ശിക തീർത്തില്ലെങ്കിൽ കർഷകർക്ക് വീണ്ടും പണം കിട്ടാതെ വരുമെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടിയെങ്കിലും ധനമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകാതെ വന്നതോടെ ചർച്ച അലസിപ്പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.