സാമ്പത്തിക പ്രതിസന്ധി; പണം തിരികെ നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ, വിമർശനവുമായി ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാന സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ഈ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ഹൈകോടതിയും.
കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിൽ (കെ.ടി.ഡി.എഫ്.സി) 30.72 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയ തങ്ങൾക്ക് പണം തിരികെ നൽകുന്നില്ലെന്ന് ആരോപിച്ച് കൊൽക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമടക്കം നൽകിയ ഹരജിയിലാണ് സത്യവാങ്മൂലത്തിലൂടെ സർക്കാറിന്റെ വിശദീകരണവും കോടതിയുടെ വിമർശനവും.ഗാരന്റി നൽകി നിക്ഷേപം സ്വീകരിച്ചിട്ട് സർക്കാർ ഇങ്ങനെ കൈയൊഴിയുന്നത് നാടിന് നാണക്കേടാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇങ്ങനെ നിലപാട് സ്വീകരിച്ചാൽ സർക്കാർ സ്വത്ത് ജപ്തി ചെയ്യുന്നതടക്കം നടപടികളുണ്ടാവില്ലേ. സ്വത്ത് വിറ്റ് പണം തിരികെ നൽകണമെന്ന് പറയാൻ കഴിയുന്നില്ല.
കെ.ടി.ഡി.എഫ്.സിയെ ലിക്വിഡേറ്റ് ചെയ്യണമെന്ന നിലപാടാണോ സർക്കാറിനുള്ളത്. നിക്ഷേപ തുകയിൽ ഉത്തരവാദിത്തമില്ലെന്നാണ് വാദമെങ്കിൽ അക്കാര്യം വ്യക്തമാക്കി പുതിയ സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. ദൈനംദിന ആവശ്യങ്ങൾക്ക് കെ.എസ്.ആർ.ടി.സിക്ക് സഹായം നൽകാനാവില്ലെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലത്തിൽ, ബാധ്യത തീർക്കാൻ തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വത്ത് കെ.ടി.ഡി.എഫ്.സിക്ക് കൈമാറാമെന്ന നിർദേശമുണ്ട്. എന്നാൽ, ഈ ആവശ്യം ധനവകുപ്പിന്റെ മുന്നിലെത്തിയിട്ടില്ലെന്ന് അണ്ടർ സെക്രട്ടറി ജോസ് വി. പെറ്റച്ച സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.