ധന പ്രതിസന്ധി; ബില്ലുകൾ പാസാക്കുന്നതിന് അപ്രഖ്യാപിത നിയന്ത്രണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ ബില്ലുകൾ പാസാക്കുന്നതിന് അപ്രഖ്യാപിത നിയന്ത്രണം. മതിയായ ബജറ്റ് വിഹിതം ഇല്ലെന്ന കാരണം പറഞ്ഞാണ് പല ബില്ലുകളും പാസാക്കാതെ മാറ്റുന്നത്. ചില ഹെഡുകളിലുള്ള ബില്ലുകൾ വരുമ്പോൾ ട്രഷറിയിലെ സംവിധാനത്തിൽ ‘മതിയായ ബജറ്റ് വിഹിതമില്ല’ എന്ന് കാണിക്കുകയാണ്. ഈ ബില്ലുകളിൽ തുടർനടപടി എടുക്കാനാകുന്നില്ല. വിനിയോഗം 60 ശതമാനം കഴിഞ്ഞവയിലാണ് നിയന്ത്രണം. ട്രഷറി ഡയറക്ടറേറ്റിൽനിന്ന് തന്നെ സംവിധാനത്തിൽ നിയന്ത്രണം കൊണ്ടുവന്നുവെന്നാണ് സൂചന.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ട്രഷറിയിൽ നിയന്ത്രണം. വിവിധ വകുപ്പുകളുടെ ബില്ലുകൾ കൂട്ടത്തോടെ ട്രഷറികളിലേക്ക് പ്രവഹിക്കുകയാണ്. സാധാരണ ജനുവരിയോടെയാണ് പദ്ധതി വിനിയോഗം ശക്തിപ്പെടുന്നത്.
ഇതാണ് ബില്ലുകൾ കൂട്ടത്തോടെ വരാൻ കാരണം. അടുത്തമാസത്തെ ശമ്പള-പെൻഷൻ വിതരണം സുഗമമാക്കൽകൂടി ലക്ഷ്യമിട്ടാണ് നിയന്ത്രണമെന്നാണ് സൂചന. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ കിഫ്ബി അടക്കമുള്ളവയുടെ വായ്പ ഉൾപ്പെടുത്തിയതോടെ കൂടുതൽ കടമെടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സർക്കാർ. കൂടുതൽ കടമെടുക്കുന്നതിന് അനുമതിക്കായി ഉടൻ പ്രധാനമന്ത്രിക്ക് നിവേദനം നൽകും.
കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ വായ്പയും ട്രഷറി നിക്ഷേപവും സർക്കാറിന്‍റെ കടമായി കണക്കാക്കരുതെന്നും ആവശ്യപ്പെടും. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടേകാൽ മാസം മാത്രം ബാക്കിനിൽക്കെ വാർഷിക പദ്ധതി വിനിയോഗം പകുതിയിൽ താഴെയാണ്.
39640.19 കോടിയുടെ മൊത്തം പദ്ധതിയിൽ 47.18 ശതമാനം മാത്രമാണ് വിനിയോഗം. സംസ്ഥാന പദ്ധതി 22,322 കോടിയുടേതാണ്. ഇതിൽ 43.61 ശതമാനംവരെ മാത്രമേ ഇതുവരെ ചെലവിട്ടിട്ടുള്ളൂ. 8048 കോടിയുടെ തദ്ദേശവിഹിതത്തിൽ 55.23 ശതമാനം വിനിയോഗിച്ചു.
കേന്ദ്ര സഹായ പദ്ധതി 9270.19 കോടിയിൽ 48.82 ശതമാനം മാത്രമാണ് ഇതുവരെ ചെലവിട്ടത്. മിക്ക മേഖലകളും വിനിയോഗത്തിൽ താഴെയാണ്. വ്യാഴാഴ്ചവരെയുള്ള കണക്ക് ഇങ്ങനെ: കാർഷിക മേഖല- 37.61, ഗ്രാമീണ പദ്ധതി- 50.58, സഹകരണ മേഖല- 22.18, ജലസേചനം- 46.03, ഊർജം- 67.92, വ്യവസായം- 33.56, ഗതാഗതം- 72.49, ശാസ്ത്രം- 39.87, സാമൂഹിക മേഖല- 46.01, ഇക്കണോമിക് സർവിസ്- 11.81, പൊതുസർവിസ്- 36.23, തദ്ദേശ പദ്ധതി- 55.23.
1500 കോടി കൂടി കടമെടുക്കുന്നു
രൂക്ഷ സാമ്പത്തികപ്രതിസന്ധി തുടരവെ 1500 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വാർഷിക പദ്ധതി ചെലവുകൾ ശക്തിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. കഴിഞ്ഞമാസം 4000 കോടിയോളം രൂപ കടമെടുത്തിരുന്നു.
വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് കടമെടുപ്പെന്നാണ് സർക്കാർ വിശദീകരണം. കടപ്പത്രത്തിന്റെ ലേലം ജനുവരി 24ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.