Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധനപ്രതിസന്ധി:...

ധനപ്രതിസന്ധി: കേന്ദ്രത്തിനെതിരെ നിരത്തുന്നത് കള്ളക്കണക്ക് -മുരളീധരൻ

text_fields
bookmark_border
V muraleedharan
cancel

തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രഫണ്ടിൻ്റെ കണക്കും മന്ത്രി പുറത്തുവിട്ടു.

സാമൂഹ്യസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവൻ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറിക്കഴിഞ്ഞു. 604.14 കോടിയാണ് വിധവ പെൻഷൻ, വികലാംഗ പെൻഷൻ, വാർധക്യകാല പെൻഷൻ എന്നിവയ്ക്കായി കേരളത്തിന് നൽകിയത്. രണ്ടാം ഗഡുവിനുള്ള അപേക്ഷ കേരളം ഇതുവരെ നൽകിയിട്ടില്ല.

ഏഴാം ശമ്പളപരിഷ്ക്കരണത്തിൻ്റെ കുടിശിക ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന 750 കോടി കെടുകാര്യസ്ഥത കൊണ്ട് കേരള സർക്കാർ നഷ്ടപ്പെടുത്തി. പണം ലഭിക്കുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ നിശ്ചയിച്ചിരുന്ന അവസാന തിയതി 2022 മാർച്ച് 31 ആയിരുന്നു. രണ്ടു തവണ കേന്ദ്രം കത്തയച്ചെങ്കിലും സംസ്ഥാനം അനങ്ങിയില്ല.

ദേശീയ ഭക്ഷ്യസുരക്ഷ ആക്ട് പ്രകാരം 259.63 കോടി കൈമാറിക്കഴിഞ്ഞു. ഇതിൽ കുടിശിക ഇല്ല.

കേന്ദ്രാവിഷ്കൃത പദ്ധതികൾക്കാവശ്യമായ മൂലധന സഹായ ഇനത്തിൽ 1,925 കോടി കിട്ടാനുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇതിന് തടസം. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് തെളിയിക്കുന്ന റിപ്പോർട്ട് സെപ്റ്റംബർ 30 ന് മുമ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് സമർപ്പിക്കണം എന്ന് നിർദേശിച്ചിരുന്നെങ്കിലും നവംബർ ആദ്യ ആഴ്ചയിലും കേരളം ഇത് നൽകിയിട്ടില്ല.

തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകുന്ന ഹെൽത് ഗ്രാൻ്റ് ഇനത്തിൽ ഇതുവരെ (2022 - 23 ) 421.81 കോടി നൽകിയിട്ടുണ്ട്. അവശേഷിക്കുന്നത് 137.17 കോടിയാണ്. അനുവദിച്ച തുക ചില വഴിക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിനാലാണ് ബാക്കി തുക കൈമാറാത്തത്.

കേന്ദ്രം അനുവദിക്കുന്ന തുക കേരള സർക്കാർ പലപ്പോഴും വകമാറ്റി ചിലവഴിക്കുകയോ ലാപ്സാക്കുകയോ ചെയ്യുന്നു. പ്രധാനമന്ത്രി മൽസ്യസമ്പദ യോജന ,വന്യമൃഗ ശല്യം ഒഴിവാക്കാനുള്ള ഫണ്ട് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജനപ്രകാരം ലഭിച്ച 13,286 കോടിയിൽ 7855.95 മാത്രമാണ് കേരളം ചിലവിട്ടത്.

ധനക്കമ്മി ഗ്രാൻ്റിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേരളത്തിന് നിശ്ചയിച്ച തുക നിശ്ചിത ഗഡുക്കളായി കൃത്യമായി കൈമാറി വരുന്നു. ധനകാര്യ കമ്മീഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് രാജ്യത്തെ 17 സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി ഗ്രാൻ്റ് നൽകുന്നത്. ഓരോ വർഷവും എത്ര കിട്ടുമെന്ന് ആദ്യ വർഷം തന്നെ സംസ്ഥാന സർക്കാരുകൾക്ക് അറിയാവുന്നതാണ്. " ഇപ്പോൾ കുറച്ചു" എന്ന് പറയുന്നത് ബോധപൂർവം തെറ്റിദ്ധരിപ്പിക്കലാണ്. രാജ്യത്ത് ഏറ്റവുമധികം റവന്യു കമ്മി ഗ്രാൻ്റ് കിട്ടിയിട്ടുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

'ഓഫ് ബജറ്റ് ബോറോവിങ് ' എന്ന പേരിൽ നടത്തുന്ന കടമെടുപ്പിൻ്റെ തിരിച്ചടവ് ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്. ഓരോ സംസ്ഥാനത്തെയും ഇഷ്ടം പോലെ കടമെടുക്കാൻ അനുവദിച്ചാൽ രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത തകരും എന്നതിനാലാണ് ജിഎസ്ഡിപിയുടെ 3% എന്ന പരിധി നിശ്ചയിച്ചിട്ടുള്ളത്.

ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂൺ 30 ന് അവസാനിക്കുമെന്ന് 2017ൽ തന്നെ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ ധാരണയായിരുന്നു. അത് മുൻകൂട്ടിക്കണ്ട് തനത് നികുതി വരുമാനം കൂട്ടാനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചില്ല. മാത്രവുമല്ല ,ആറ് വർഷത്തിന് ശേഷം ഇക്കൊല്ലമാണ് സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് പുനസംഘടിപ്പിച്ചത്.

പിണറായി വിജയൻ സർക്കാരിൻ്റെ ധൂർത്തും കെടുകാര്യസ്ഥതയും സാമ്പത്തിക മിസ്മാനേജ്മെൻ്റും മൂലമാണ് കേരളം സാമ്പത്തിക പ്രതിസന്ധിയിലായത്. അക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ഒരു പങ്കുമില്ല. നിരന്തരമുള്ള വ്യാജപ്രചാരണങ്ങളെ കേരള ജനത തള്ളുമെന്നുറപ്പാണെന്നും വി.മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial crisisV MuraleedharanKerala News
Next Story