സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി.കാപ്പന് തിരിച്ചടി, വിചാരണ തുടരാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സാമ്പത്തിക ഇടപാട് കേസിൽ പ്രത്യേക കോടതി കുറ്റം ചുമത്തിയതിനെതിരെ മാണി സി. കാപ്പൻ എം.എൽ.എ നൽകിയ റിവിഷൻ ഹരജി ഹൈകോടതി തള്ളി. വിശ്വാസവഞ്ചനയടക്കം ചൂണ്ടിക്കാട്ടി മുംബൈ സ്വദേശി ദിനേശ് മേനോൻ നൽകിയ പരാതിയിലെടുത്ത കേസിൽ വഞ്ചനക്കുറ്റമടക്കം ചുമത്തിയ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രത്യേക കോടതി മാർച്ച് 20ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്. പ്രതി കുറ്റം ചെയ്തെന്ന് കരുതാൻ കാരണങ്ങളുണ്ടെന്ന് വിലയിരുത്തി, കുറ്റം ചുമത്തിയതിൽ അപാകതയില്ലെന്നും ഇടപെടേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടാണ് റിവിഷൻ ഹരജി തള്ളിയത്.
2010ൽ രണ്ടുകോടി രൂപ കടം വാങ്ങിയശേഷം 25 ലക്ഷം രൂപ മാത്രം മടക്കി നൽകി മാണി സി. കാപ്പൻ വഞ്ചിച്ചെന്ന് ദിനേശ് മേനോൻ അറിയിച്ചിരുന്നു. തുടർന്ന്, 3.25 കോടി തവണകളായി നൽകുമെന്ന വ്യവസ്ഥയിൽ 2013 നവംബർ 19ന് ഇരുവരും കരാറിലേർപ്പെട്ടു. എന്നാൽ, ഗാരന്‍റിയായി നൽകിയ ചെക്കുകൾ മടങ്ങിയെന്നും ഈടായി നൽകിയ 98.85 സെന്‍റ് ഭൂമി ബാങ്കിൽ നേരത്തേ പണയം െവച്ചിരുന്നതായിരുന്നെന്നും ദിനേശ് മേനോൻ അറിയിച്ചു. മജിസ്ട്രേറ്റ് കോടതി കേസെടുത്തതിനെത്തുടർന്ന് പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി. കാപ്പൻ ഹൈകോടതിയിലും സുപ്രീംകോടതിയിലും നൽകിയ ഹരജികൾ തള്ളി. തുടർന്ന് പ്രത്യേക കോടതിയിൽനിന്ന് ജാമ്യം നേടി.
കേസ് ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കാൻ താൻ നൽകിയ ഹരജിയിൽ ഹൈകോടതി ഉത്തരവിടുകയും രണ്ട് സാക്ഷികളെ പ്രത്യേക കോടതി വിസ്തരിക്കുകയും ചെയ്തതായാണ് കാപ്പന്‍റെ വാദം. ഇതിനുശേഷം കുറ്റം ചുമത്തിയ ഉത്തരവ് നിയമവിരുദ്ധമാണ്. കുറ്റം ചുമത്താനുള്ള കാരണം മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.